ഈ വർഷം 'സൗദി സമ്മർ' ചെലവഴിക്കാൻ എത്തിയവർ 32 ദശലക്ഷം കവിഞ്ഞതായി ടൂറിസം മന്ത്രാലയം
text_fieldsസൗദിയിൽ ഈ വർഷത്തെ വേനൽക്കാല സീസണിൽനിന്ന്
യാംബു: സൗദിയിൽ ഈ വർഷത്തെ വേനൽക്കാല സീസൺ ചെലവഴിക്കാൻ എത്തിയ ആഭ്യന്തര, അന്തർദേശീയ വിനോദ സഞ്ചാരികളുടെ എണ്ണം 32 ദശലക്ഷം കവിഞ്ഞ തായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 'സൗദി സമ്മർ' പ്രോഗ്രാമിന്റെ ഭാഗമായി എത്തിയ സന്ദർശകരുടെ എണ്ണത്തിൽ ഈ വർഷം റെക്കോഡ് വർധനയാണ് ഉണ്ടായത്. 2024 ലെ വേനൽക്കാലത്തെ സന്ദർശകരുടെ വരവ് താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 26 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
ടൂറിസ്റ്റുകൾ ചെലവഴിച്ച തുകയും ഈ വർഷം ഉയരങ്ങളിലെത്തിയതായി കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര, അന്തർദേശീയ സന്ദർശകരുടെ ആകെ ചെലവ് 53.2 ബില്യൺ റിയാലാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഇത് വർഷം തോറും 15 ശതമാനം വർധനയാണ് സൂചിപ്പിക്കുന്നത്.
രാജ്യത്തെ തെക്കൻ മേഖലയിലെ അസീർ പ്രദേശങ്ങളിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവിൽ ഈ വർഷം അഭൂതപൂർവമായ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ വേനൽക്കാലത്തേക്കാൾ 49 ശതമാനം വർധനയാണിത്. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അസീർ മേഖല വികസിപ്പിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദി ടൂറിസം മന്ത്രാലയത്തിന്റെ ശ്രമങ്ങൾ ഏറെ ഫലം കണ്ടതായി വിലയിരുത്തുന്നു. രാജ്യത്തെ ഒരു പ്രമുഖ ആഗോള ടൂറിസം കേന്ദ്രമായി സ്ഥാപിക്കുക എന്ന സൗദി ഭരണകൂടത്തിന്റെ ലക്ഷ്യങ്ങൾ ഫലം കണ്ടു തുടങ്ങിയതായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു. വ്യതിരിക്തമായ ടൂറിസം ഉൽപന്നങ്ങൾ സൃഷ്ടിക്കുക, അന്താരാഷ്ട്ര പരിപാടികളും സാംസ്കാരിക പ്രവർത്തനങ്ങളും സംഘടിപ്പിക്കുക, വിനോദ സഞ്ചാരികളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുക എന്നിവക്കായി ടൂറിസം മന്ത്രാലയം പ്രത്യേകം ശ്രദ്ധ കൊടുക്കുന്നതും ഈ മേഖലയിലെ പുരോഗതിക്ക് വഴിവെച്ചു.
'കളർ യുവർ സമ്മർ' എന്ന ശീർഷകത്തിൽ ജൂൺ മുതൽ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ സംഘടിപ്പിച്ച ടൂറിസം പരിപാടികളും ഏറെ ശ്രദ്ധേയമായിരുന്നു. ജിദ്ദയിലെയും ചെങ്കടലിലെയും തീരദേശ വിനോദയാത്രകൾ, ത്വാഇഫ്, അൽ ബഹ, അസീർ എന്നിവിടങ്ങളിലെ പർവത വിനോദയാത്രകൾ എന്നിവയുൾപ്പെടെ ആറ് വൈവിധ്യമാർന്ന പരിപാടികളും സീസണിൽ അരങ്ങേറി.
വർഷം മുഴുവനും സന്ദർശകരെ ആകർഷിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ടൂറിസം പദ്ധതികൾ തുടരുകയാണ്. ആഗോള തലത്തിൽ ശ്രദ്ധേയമായ ചില പരിപാടികളും നൂതന ടൂറിസം ഓഫറുകളും വാഗ്ദാനം ചെയ്യുന്ന ശൈത്യകാലത്തെ സൗദി ടൂറിസം പരിപാടികൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും ഇതിനകം തന്നെ ടൂറിസം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.