Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ​ട്രാഫിക്​ പിഴ...

സൗദിയിൽ ​ട്രാഫിക്​ പിഴ ഇളവ്; ഇനി 10 ദിവസം കൂടി മാത്രം

text_fields
bookmark_border
സൗദിയിൽ ​ട്രാഫിക്​ പിഴ ഇളവ്; ഇനി 10 ദിവസം കൂടി മാത്രം
cancel

ജിദ്ദ: സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ്​ കാലയളവ് അവസാനിക്കാൻ ഇനി 10 ദിവസം കൂടി മാത്രം. 2024 ഏപ്രിൽ വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച കാലാവധിയാണ് ഈ മാസം 18-ന്​ അവസാനിക്കുന്നത്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടക്കാവുന്ന ഇളവും നൽകിയിട്ടുണ്ടെന്നും ഈ അവസരം ഉപയോഗപ്പെടുത്തി ട്രാഫിക് പിഴകൾ അടക്കാൻ ജാഗ്രത പാലിക്കണമെന്നും ജനറൽ ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

ഏപ്രിൽ 18-നുശേഷം പിഴകൾ അടക്കാൻ ഇളവ് ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഒക്ടോബർ 18 വരെയായിരുന്നു ആദ്യം ഇളവ് പ്രഖ്യാപിച്ചിരുന്നത്. സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും നിർദേശത്തെ തുടർന്ന് ഈ വർഷം ഏപ്രിൽ 18 വരെ ഇളവ് കാലാവധി ദീർഘിപ്പിക്കുകയായിരുന്നു.

പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾ പിഴയുടെ ആനുകൂല്യത്തിൽ ഉൾപ്പെടില്ല. മയക്കുമരുന്നോ അല്ലെങ്കിൽ നിരോധിത വസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിച്ചപ്പോൾ ഉണ്ടായ പിഴകൾ, 120 കിലോമീറ്റർ വേഗതാ പരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിലോ 140 കിലോമീറ്റർ വേഗത പരിധിയുള്ള റോഡുകളിൽ മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതൽ വേഗതയിലോ ഡ്രൈവ്​ ചെയ്​തത്​ മൂലമുണ്ടായ പിഴകൾ എന്നിവയും ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഇതിനൊന്നും ഇളവ്​ ലഭിക്കില്ല.

ഇത്തരത്തിലുള്ള കടുത്ത നിയമ ലംഘനങ്ങൾക്കും ഇളവ്​ ആനുകൂല്യം ലഭിക്കില്ലെന്നും ട്രാഫിക് വകുപ്പ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ പൗരന്മാർക്കും താമസക്കാരായ വിദേശികൾക്കും ഇതര ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിസിറ്റ് വിസയിലെത്തുന്നവർക്കും പിഴയിളവ് ആനുകൂല്യം ലഭിക്കും. ആനുകൂല്യം ഉപയോഗപ്പെടുത്താൻ പ്രത്യേക അപേക്ഷ നൽകുകയോ ഏതെങ്കിലും വെബ് സൈറ്റുകളിൽ രജിസ്​റ്റർ ചെയ്യുകയോ വേണ്ടതില്ല. ബാങ്കുവഴിയുള്ള ഡിജിറ്റൽ പേയ്‌മെൻറ്​ സംവിധാനമായ സദാദിലും ‘ഇഫാ’ ആപ്പിലും പിഴയിളവ് സ്വമേധയാ അപ്‌ഡേറ്റ് ചെയ്യപ്പെടും. ട്രാഫിക് പിഴകൾ സമയത്ത് അടച്ചു തീർപ്പാക്കാനും ഗതാഗത നിയമ വ്യവസ്ഥകൾ പൂർണമായും പാലിക്കാനും മന്ത്രാലയം അഭ്യർഥിച്ചു

Show Full Article
TAGS:Saudi Arabia Traffic Violation 
News Summary - Traffic fines waived in Saudi Arabia; only 10 more days left
Next Story