അബ്ഷീർ പ്ലാറ്റ് ഫോം വഴി ആഗസ്റ്റിൽ മാത്രം നടന്ന ഇടപാടുകൾ 4.1 കോടി കവിഞ്ഞു
text_fieldsയാംബു: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീർ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി കഴിഞ്ഞ മാസം മാത്രം നടന്ന ഇടപാടുകൾ 4.1 കോടി കവിഞ്ഞതായി അധികൃതർ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2025 ആഗസ്റ്റിൽ ഉപയോക്താക്കൾക്കായി 4,10,91,768 ഇലക്ട്രോണിക് ഇടപാടുകളാണ് പൂർത്തിയാക്കിയത്.
പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും ലഭ്യമായ പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ വാലറ്റ് സവിശേഷത ഉപയോഗിച്ച് 3,07,94,714 ഡോക്യുമെന്റ് വ്യൂകൾ ആണ് കഴിഞ്ഞമാസം നടത്തിയത്. അതേസമയം അബ്ഷീർ ബിസിനസ് പ്ലാറ്റ്‌ഫോം വഴി 26,62,090 സേവന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
മന്ത്രാലയത്തിന് കീഴിലെ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ 37,30,890 പ്രവർത്തനങ്ങളും അബ്ഷീർ വഴി നടന്നു. അതിൽ 36,29,468 എണ്ണം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രോസസ്സ് ചെയ്ത ട്രാഫിക് സംബന്ധമായ ഇടപാടുകളായിരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് 21,43,283 പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തു. 6,32,797 എണ്ണം സിവിൽ അഫയേഴ്‌സ് ഏജൻസി വഴി പൂർത്തിയാക്കി.
അബ്ഷീർ വ്യക്തികളുടെ പൊതു സേവനങ്ങളിൽ 1,13,918 ഡോക്യുമെന്റ് ഡെലിവറി അപേക്ഷകളും 2,199 മറ്റു അന്വേഷണങ്ങളും കൂടാതെ 3,488 അപേക്ഷകളും അബ്ഷർ റിപ്പോർട്ട്സ് സേവനം വഴി പരിഗണിച്ചതായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
അബ്ഷീർ വ്യക്തികൾ, അബ്ഷീർ ബിസിനസ്സ്, അബ്ഷീർ ഗവൺമെന്റ് പ്ലാറ്റ് ഫോമുകൾ എന്നിവയിലൂടെയും 500 ലധികം പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന നാഷനൽ സിംഗിൾ സൈൻ ഓൺ പോർട്ടൽ (നഫാത്) വഴിയും ഈ സേവനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.