അവശരായി തീരത്തടിഞ്ഞു, ചികിത്സയിലൂടെ സുഖം പ്രാപിച്ച ആമകൾ കടലിലേക്ക് മടങ്ങി
text_fieldsമാസങ്ങൾ നീണ്ട ചികിത്സക്ക് ശേഷം ആമകൾ കടലിലേക്ക്
ജുബൈൽ: ആരോഗ്യപരമായ വെല്ലുവിളികൾ അഭിമുഖീകരിച്ചിരുന്ന രണ്ട് കടലാമകളെ മാസങ്ങളോളം നീണ്ട ചികിത്സക്കും പുനരധിവാസത്തിനും ശേഷം സമുദ്രത്തിലേക്ക് തന്നെ തിരിച്ചയച്ചു. സൗദി ദേശീയ വന്യജീവി കേന്ദ്രമാണ് ജുബൈൽ അബൂ അലി ദ്വീപിൽ ചികിത്സയും പുനരധിവാസവും കഴിഞ്ഞ രണ്ട് കടലാമകളെ ശുശ്രൂഷിച്ചത്. ഒരു ലോഗർഹെഡ് ആമ (കാരറ്റ കാരറ്റ)യെയും ഒരു ഗ്രീൻ സീ ആമ (ചെലോണിയ മൈദാസ്)യെയും ആണ് അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുവിട്ടത്.
അറേബ്യൻ ഗൾഫ് മേഖലയിൽ പുനരധിവാസം കഴിഞ്ഞ കടൽ ജീവികളെ സ്വതന്ത്രമാക്കുന്ന ആദ്യ പദ്ധതിയാണിത്. അറേബ്യൻ ഉൾക്കടൽ തീരത്ത് രണ്ടു തളർന്ന ആമകളെ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് രക്ഷപ്പെടുത്തി വെറ്ററിനറി സൗകര്യങ്ങളുള്ള കേന്ദ്രത്തിലേക്ക് മാറ്റിയത്. അവിടെ നടത്തിയ പരിശോധനകളിൽ ആമകളിൽ സാധാരണയായി കണ്ടുവരുന്ന അസുഖങ്ങളും ആന്തരിക ബാക്ടീരിയ ബാധയും ഉണ്ടെന്ന് മനസ്സിലാക്കി ഫലപ്രദമായ ചികിത്സ ലഭ്യമാക്കി. പുനരധിവാസ നടപടികളും കൂടി പൂർത്തിയാക്കിയതോടെ ആമകൾ ആരോഗ്യം വീണ്ടെടുത്തു. തുടർന്നാണ് ആമകളെ ലാവണത്തിലേക്ക് തന്നെ തിരിച്ചയക്കാൻ കേന്ദ്രം തീരുമാനിച്ചത്.
ലോഗർഹെഡ് ആമയുടെ ശരീരത്തിൽ ആർഗോസ് സാറ്റലൈറ്റ് ട്രാക്കർ ഘടിപ്പിക്കുകയും ചെയ്‌തു. ഇതിലൂടെ ആമയുടെ സഞ്ചാര പാതകളും കുടിയേറ്റ മാതൃകയും നിരീക്ഷിക്കാൻ സാധിക്കും. ഇത് സമുദ്ര ജീവികളുടെ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകും. വിവിധ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന വന്യജീവികളെ പുനരധിവസിപ്പിച്ച് അവയെ തനത് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുവിടാനുള്ള വന്യജീവി കേന്ദ്രത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കാൻ ഉതകുന്ന ഇത്തരം പ്രവർത്തനങ്ങൾ സൗദി അറേബ്യയുടെ വന്യജീവി സംരക്ഷണ മേഖലയിൽ പുതിയ ചുവടുവെപ്പായാണ് കണക്കാക്കുന്നത്.


