Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ വാഹനാപകടത്തിൽ...

ദമ്മാമിൽ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾ മരിച്ചു

text_fields
bookmark_border
ദമ്മാമിൽ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾ മരിച്ചു
cancel
camera_alt

സജീം, ശ്രീലേഷ്

ദമ്മാം: സൗദി കിഴക്കൻ പ്രിവിശ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി വീട്ടിൽ സജീം (45), കണ്ണൂർ ചെറുകുന്ന്​ കണ്ടി വളപ്പിൽ ലക്ഷ്മണൻ-കനകലത ദമ്പതികളുടെ മകൻ ശ്രീലേഷ് (42) എന്നിവരാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി എ​ട്ടോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.

ദമ്മാമിൽ സ്വന്തമായി വിവിധ ബിസിനസ്​ സ്ഥാപനങ്ങൾ നടത്തുകയാണ്​ സജീം. ഇദ്ദേഹത്തിന്​ കീഴിലെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയിൽ നിന്നും ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവി​ന്‍റെ വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടു തെറിച്ചുപോയ കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീണു.

പൂർണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരേയും ഏറെ പ്രയത്നിച്ചാണ് പൊലീസ്​ പുറത്തെടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ ചോരവാർന്ന് സജീം മരിച്ചു. ജീവന്‍റെ ലക്ഷണങ്ങൾ ബാക്കിയുണ്ടായിരുന്ന ശ്രീലേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി വൈകിയിട്ടും ഇരുവരും തിരിച്ചെത്താഞ്ഞതിനെ തുടർന്ന് പുലർച്ചെ ഒന്നോടെ സുഹൃത്തുക്കൾ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ഖത്വീഫ് പൊലീസിൽ നിന്നും അപകടവിവരം അറിയുന്നത്.

നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ശ്രീലേഷി​ന്‍റെ ഏക സഹോദരൻ ശ്രീരാഗ് അഞ്ച് വർഷം മുൻപ് ഇതേ ദിവസമാണ് മരിച്ചത്. അനുജ​ന്‍റെ അഞ്ചാം ചരമവാർഷിക ദിനത്തിൽത്തന്നെ ശ്രീലേഷും വിടപറഞ്ഞത് കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായി. പിതാവ് ലക്ഷ്മണൻ ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്നു. അഞ്ച് വർഷം മുൻപ് ഇളയ മകൻ ശ്രീരാഗി​ന്‍റെ മരണത്തോടെ രോഗബാധിതയായ അമ്മ കനകലത വീടിന് പുറത്തിറങ്ങാറില്ലായിരുന്നു.

കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്ന ശ്രീലേഷി​ന്‍റെ മരണം ഈ കുടുംബത്തെ പൂർണമായും കണ്ണീരിലാഴ്ത്തി. നിയമനടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ശ്രീലേഷി​ന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

മരിച്ച സജീമി​ന്‍റെ മൃതദേഹം ദമ്മാമിൽത്തന്നെ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി മാതാപിതാക്കളും ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ദമ്മാമിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. റുഹാലത്ത് ആണ് സജീമിന്‍റെ ഭാര്യ. ആദിൽ, ഹുസൈൻ, അമൽ എന്നിവർ മക്കളാണ്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ പ്രമുഖ സാമൂഹികപ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ട്.

Show Full Article
TAGS:kannur Accidents Dammam Saudi Arabia 
News Summary - Two Kannur natives die in a road accident in Dammam
Next Story