ഒരു വോട്ടിന് സ്ഥാനാർഥി ജയിച്ചു; ജിദ്ദയിൽനിന്ന് പറന്നെത്തിയ ഇണ്യാക്കയുടെയും ഭാര്യയുടെയും വോട്ടുകൾ നിർണായകമായി
text_fieldsജിദ്ദ: ഓരോ വോട്ടിനും ജനാധിപത്യത്തിൽ എത്രത്തോളം വിലയുണ്ടെന്ന് തെളിയിക്കുകയാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ നിലമ്പൂർ നഗരസഭയിലെ ഒരു ഡിവിഷനിലെ ഫലം. നിലമ്പൂർ നഗരസഭ 16-ാം ഡിവിഷനായ മുതീരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി. കുഞ്ഞിമുഹമ്മദ് നേടിയത് അവിശ്വസനീയമായ വിജയമാണ്. കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേടിയ ഈ വിജയത്തിന് പിന്നിൽ പ്രവാസ ലോകത്ത് നിന്നുള്ള നിശ്ചയദാർഢ്യത്തിന്റെ കഥ കൂടിയുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജംഷീദ് (കുഞ്ഞുട്ടിമാൻ) 280 വോട്ടുകൾ നേടിയപ്പോൾ, 281 വോട്ടുകൾ നേടിയാണ് യു.ഡി.എഫിന്റെ പി.ടി. കുഞ്ഞിമുഹമ്മദ് വിജയം ഉറപ്പിച്ചത്. പലതവണ വോട്ടുകൾ റീ കൗണ്ടിംഗ് നടത്തിയ ശേഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈ ഉജ്ജ്വല വിജയത്തിന് തിളക്കമേകുന്നത് ജിദ്ദയിലെ പ്രമുഖ കെ.എം.സി.സി നേതാവും ശറഫിയ അൽ റയാൻ പോളിക്ലിനിക്ക് ജീവനക്കാരനുമായ പി.സി.എ റഹ്മാൻ (ഇണ്യാക്ക), ഭാര്യ സുഫൈറത്ത് എന്നിവരുടെ വോട്ടുകളാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നാട്ടിലെത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ രണ്ട് വോട്ടുകളും വിജയത്തിൽ ഇത്രമേൽ നിർണ്ണായകമായതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇണ്യാക്ക 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ജിദ്ദയിൽ നിന്നെത്തി വോട്ട് രേഖപ്പെടുത്തി പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിൽ സന്തോഷം പ്രകടിപ്പിക്കാൻ സ്ഥാനാർത്ഥി പി.ടി. കുഞ്ഞിമുഹമ്മദും യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും നേരിട്ട് ഇണ്യാക്കയുടെ വീട്ടിലെത്തി അഭിനന്ദിച്ചു. പ്രവാസലോകത്തിരുന്ന് നാട്ടിലെ രാഷ്ട്രീയ ചലനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസികൾക്ക് ഈ വിജയം വലിയ ആവേശമാണ് പകരുന്നത്.


