സൗദി അറേബ്യയുടെ ചരിത്രസാക്ഷിയായി ‘ഉമ്മുൽ ഖുറ’; നൂറുവർഷം പിന്നിട്ട പത്രം ഡിജിറ്റൽ യുഗത്തിലേക്ക്
text_fieldsഉമ്മുൽ ഖുറ പത്രത്തിന്റെ ഡിജിറ്റൽ പതിപ്പ്
റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്ത പത്രമായ ‘ഉമ്മുൽ ഖുറ’ നൂറ് വർഷത്തെ അഭിമാനകരമായ പ്രയാണം പൂർത്തിയാക്കി പുതിയ ചരിത്രയുഗത്തിലേക്ക് ചുവടുവെക്കുന്നു. രാജ്യത്തിന്റെ വളർച്ചയുടെയും വികാസത്തിന്റെയും ഓരോഘട്ടവും ഒപ്പിയെടുത്ത, സൗദി മാധ്യമരംഗത്തിന്റെ ആധികാരിക ശബ്ദമായി ഇന്നും നിലകൊള്ളുന്ന പത്രം ഡിജിറ്റൽ മേഖലയിലേക്ക് പൂർണമായും മാറിയെന്നതാണ് ഏറ്റവും പുതിയ വിശേഷം.
2022ൽ നൂറാം വാർഷികം ആഘോഷിച്ച പത്രം, ഇപ്പോൾ ആധുനിക മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമായി ഡിജിറ്റലായി കഴിഞ്ഞു. പഴയ ലക്കങ്ങൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കാനും വായിക്കാനുമുള്ള സംവിധാനം ഔദ്യോഗിക വെബ്സൈറ്റിൽ (https://uqn.gov.sa/) ലഭ്യമാണ്. അടുത്തിടെ ഒരു രാജകീയ ഉത്തരവിലൂടെ പത്രത്തിന്റെ പ്രവർത്തനങ്ങൾ സൗദി പ്രസ് ഏജൻസിക്ക് (എസ്.പി.എ) കീഴിലേക്ക് മാറ്റി. ഇത് പത്രത്തിന്റെ മൂല്യം വർധിപ്പിക്കുകയും ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത നൽകുകയും ചെയ്തു.
ആദ്യകാല പതിപ്പുകൾ
സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശപ്രകാരം 1924 ഡിസംബർ 12നാണ് മക്കയിൽനിന്ന് ഉമ്മുൽ ഖുറയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്. സൗദി ഭരണകൂടത്തിന്റെ ആദ്യകാല ചുവടുവെപ്പുകൾക്കും വികസന പ്രവർത്തനങ്ങൾക്കും ഈ പത്രം സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ ചരിത്രസ്മരണകൾ കാത്തുസൂക്ഷിക്കുന്ന ഒരു വിശ്വസ്ത രേഖയായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
സൗദി അറേബ്യയുടെ ഔദ്യോഗിക ഗസറ്റ് കൂടിയായ ഉമ്മുൽ ഖുറയിലൂടെയാണ് പ്രധാനപ്പെട്ട ഭരണപരമായ തീരുമാനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത്. രാജകീയ ഉത്തരവുകൾ, മന്ത്രിസഭ തീരുമാനങ്ങളും നിയമനിർമാണങ്ങളും, ഔദ്യോഗിക വിജ്ഞാപനങ്ങൾ, ഭരണാധികാരികളുടെയും കിരീടാവകാശിയുടെയും പ്രധാന വാർത്തകൾ തുടങ്ങിയവയാണ് ഈ പത്രത്തിലൂടെ വെളിച്ചം കാണുന്നത്.
രണ്ടാം ലോകമഹായുദ്ധം ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികളുടെ കാലഘട്ടത്തിലും ഉമ്മുൽ ഖുറയുടെ പ്രസിദ്ധീകരണം മുടങ്ങിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സൗദി അറേബ്യയിലെ അച്ചടി, മാധ്യമപ്രവർത്തനം, റേഡിയോ എന്നിവയുടെയെല്ലാം തുടക്കത്തിന് അടിത്തറ പാകിയത് ഈ പത്രമാണ്. വാർത്താവിതരണ മന്ത്രാലയത്തിന്റെ രൂപവത്കരണത്തിൽ ഒരു പ്രധാന കേന്ദ്രബിന്ദുവായി ഉമ്മുൽ ഖുറ നിലകൊണ്ടു. നൂറു വർഷത്തെ പാരമ്പര്യമുള്ള ഉമ്മുൽ ഖുറ, സൗദി അറേബ്യയുടെ ദേശീയ സ്വത്വത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രതീകമായി വരും തലമുറകൾക്കും ഒരു വഴികാട്ടിയായി തുടരുന്നു.


