Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ അഞ്ച്...

സൗദിയിൽ അഞ്ച് മേഖലകളിലായി 491 വനങ്ങൾ ഉണ്ടെന്ന് യു.എൻ റിപ്പോർട്ട്

text_fields
bookmark_border
സൗദിയിൽ അഞ്ച് മേഖലകളിലായി 491 വനങ്ങൾ ഉണ്ടെന്ന് യു.എൻ റിപ്പോർട്ട്
cancel

യാംബു: സൗദി അറേബ്യയിലെ അഞ്ച് പ്രധാന മേഖലകളിലായി 6,080 ചതുരശ്ര കിലോമീറ്ററിലധികം (608,000 ഹെക്ടർ) വിസ്തൃതിയുള്ള 491 വനങ്ങൾ തിരിച്ചറിഞ്ഞ് മാപ്പ് ചെയ്തതായി ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്.എ.ഒ) റിപ്പോർട്ട് വ്യക്തമാക്കുന്നു.

സുസ്ഥിര വനപരിപാലനത്തിലും പ്രകൃതിവിഭവ സംരക്ഷണത്തിലും രാജ്യത്തിനുണ്ടായ പുരോഗതിയാണ് ഇത് കാണിക്കുന്നത്. നാഷനൽ സെൻറർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെൻറ് ആൻഡ് കംബാറ്റിങ് ഡെസർട്ടിഫിക്കേഷനുമായി (എൻ.സി.വി.സി) സഹകരിച്ചാണ് എഫ്.എ.ഒ ഈ ഡാറ്റ തയ്യാറാക്കിയത്. വനങ്ങളുടെ അതിർത്തി മാപ്പ് ചെയ്യൽ, വിഭവങ്ങൾ രേഖപ്പെടുത്തൽ, പാരിസ്ഥിതിക സാഹചര്യങ്ങൾ നിരീക്ഷിക്കൽ, സുസ്ഥിര പദ്ധതികൾ ആസൂത്രണം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് സൗദി നടപ്പാക്കിയത്.

147 രജിസ്റ്റർ ചെയ്ത വനങ്ങളോടെ മക്കയാണ് പട്ടികയിൽ ഒന്നാമത്. അൽ ബാഹ (99), മദീന (97), അസീർ (93), ജിസാൻ (55) എന്നിവയാണ് തൊട്ടുപിന്നിലുള്ള മേഖലകൾ. ത്വാഇഫിലെ ഉയർന്ന പ്രദേശങ്ങൾ, സരാവത്ത് പർവതനിരകൾ, പടിഞ്ഞാറൻ താഴ്‌വരകൾ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മക്കയിലെ വനങ്ങളിൽ ജുനിപ്പർ, തൽഹ് (അക്കേഷ്യ), സിദ്ർ, സമർ തുടങ്ങിയ മരങ്ങൾ ധാരാളമുണ്ട്. എന്നാൽ വനങ്ങളുടെ എണ്ണം കൂടുതലുള്ളതുകൊണ്ട് മാത്രം മക്കയിലാണ് ഏറ്റവും കൂടുതൽ പച്ചപ്പുള്ളതെന്ന് അർത്ഥമാക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞ ഭൂവിസ്തൃതിയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ സസ്യസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് അൽ ബാഹ. റഗദാൻ, ഷഹ്ബ, ഖൈറ, അൽ ഖമ തുടങ്ങിയ പ്രശസ്തമായ വനങ്ങളും താഴ്‌വരകളും ഇവിടെയുണ്ട്. ഇവിടുത്തെ കാട്ടു സസ്യജാലങ്ങളുടെ 30 ശതമാനവും ജൂനിപ്പർ മരങ്ങളാണെന്ന് എൻ.സി.വി.സി വ്യക്തമാക്കുന്നു. ഉയർന്ന മഴ ലഭിക്കുന്ന പർവതപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന അസീറിലെ വനങ്ങളിൽ ജൂനിപ്പർ, അക്കേഷ്യ, വൈൽഡ് ഒലിവ്, വിവിധ പർവത സസ്യങ്ങൾ എന്നിവയാണ് പ്രധാനമായും കാണപ്പെടുന്നത്.

Show Full Article
TAGS:UN Report forests Saudi Arabia Gulf News 
News Summary - സൗദിയിൽ അഞ്ച് മേഖലകളിലായി 491 വനങ്ങൾ ഉണ്ടെന്ന് യു.എൻ റിപ്പോർട്ട്
Next Story