അമേരിക്കൻ ഊർജ സെക്രട്ടറി സൗദിയിലെ ആദ്യത്തെ എണ്ണക്കിണർ സന്ദർശിച്ചു
text_fieldsഅമേരിക്കൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് സൗദിയിലെ ആദ്യത്തെ എണ്ണക്കിണർ
സന്ദർശിച്ചപ്പോൾ
റിയാദ്: അമേരിക്കൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് സൗദിയിലെ ആദ്യത്തെ എണ്ണക്കിണർ സന്ദർശിച്ചു. ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, സൗദി ആരാംകോ പ്രസിഡന്റ് എൻജി. അമീൻ അൽ നാസർ എന്നിവരോടൊപ്പമാണ് അമേരിക്കൻ ഊർജ സെക്രട്ടറി സൗദിയിലെ ആദ്യത്തെ എണ്ണക്കിണർ ദമ്മാം കിണർ (1) സന്ദർശിച്ചത്. 1935-ലാണ് അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി (സൗദി അരാംകോ) ദമ്മാം കിണർ (1) കുഴിച്ചത്.
സൗദിയുടെ സാമ്പത്തിക പരിവർത്തനത്തിനും എണ്ണ വ്യവസായത്തിന്റെ തുടക്കത്തിനും തുടക്കമിട്ടത് ഇതാണ്. കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസും അമേരിക്കൻ ഊർജ സെക്രട്ടറി സന്ദർശിച്ചു.
യൂനിവേഴ്സിറ്റിയിലെത്തിയ അമേരിക്കൻ ഊർജ സെക്രട്ടറിയെ കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും ഊർജ മന്ത്രിയുമായ അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സ്വീകരിച്ചു.
യൂനിവേഴ്സിറ്റിയെക്കുറിച്ചുള്ള ആമുഖ വിവരണങ്ങൾ റൈറ്റ് ശ്രദ്ധിച്ചു. കോളജുകൾ, അക്കാദമിക്, ഗവേഷണ സ്പെഷലൈസേഷനുകൾ, ഊർജം, എൻജിനീയറിങ്, ശാസ്ത്രം എന്നീ മേഖലകളിൽ നവീകരണത്തെ പിന്തുണക്കുന്നതിനും മനുഷ്യ മൂലധനം വർധിപ്പിക്കുന്നതിനും കോളജ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചു അദ്ദേഹം വിശദമായി കേട്ടുമനസ്സിലാക്കി. നിരവധി അധ്യാപകരെയും വിദ്യാർഥികളെയും നേരിട്ട് കണ്ടു. ഉന്നത അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ, ഗവേഷണ പരിപാടികൾ വികസിപ്പിക്കുന്നതിനുള്ള സർവകലാശാലയുടെ സംരംഭങ്ങളെക്കുറിച്ച് പരിചയപ്പെടുത്തി.
സൗദിയിലെത്തിയ ഉടനെ അമേരിക്കൻ ഊർജ സെക്രട്ടറി സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഇരു കക്ഷികളും രാജ്യവും അമേരിക്കയും തമ്മിൽ നിരവധി ഊർജ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾ പ്രത്യേകിച്ച് ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങൾ ചർച്ച ചെയ്തു.