Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമേരിക്ക-ഇറാൻ...

അമേരിക്ക-ഇറാൻ വെടിനിർത്തൽ: പാകിസ്താ​െൻറ മധ്യസ്ഥത ഇന്ത്യക്ക് നഷ്‌ടമായ സുവർണാവസരം

text_fields
bookmark_border
അമേരിക്ക-ഇറാൻ വെടിനിർത്തൽ: പാകിസ്താ​െൻറ മധ്യസ്ഥത ഇന്ത്യക്ക് നഷ്‌ടമായ സുവർണാവസരം
cancel

റിയാദ്: ഫെബ്രുവരി 28-ന് ആരംഭിച്ച് ലോകത്തെ മുൾമുനയിൽ നിർത്തിയ അമേരിക്ക-ഇറാൻ യുദ്ധത്തിന് രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിലൂടെ ശമനമായിരിക്കുകയാണ്. അയൽരാജ്യമായ പാകിസ്താ​െൻറ നയതന്ത്രപരമായ ഇടപെടലുകളാണ് ഈ സമാധാന ധാരണക്ക് പിന്നിൽ പ്രവർത്തിച്ചത്.

ഇസ്‌ലാമാബാദിൽ വെച്ച് സമാധാന ചർച്ചകൾ നടക്കാനിരിക്കെ പാകിസ്താൻ ലോകവേദിയിൽ വലിയ കൈയ്യടി നേടുമ്പോൾ, പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ഏറ്റവും യോഗ്യതയുണ്ടായിരുന്ന ഇന്ത്യക്ക് ഇതൊരു സുവർണാവസരത്തി​െൻറ നഷ്‌ടമായി മാറുകയാണ്.

പരസ്പര ശത്രുതയിലുള്ള രാജ്യങ്ങളുമായിപ്പോലും മികച്ച ബന്ധം പുലർത്തുന്ന ഇന്ത്യയുടെ വിദേശനയത്തിന് ഈ മധ്യസ്ഥ ദൗത്യം ഏറ്റെടുക്കാൻ എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളുടെ സാംസ്‌കാരിക-വാണിജ്യ ബന്ധമുള്ള ഇറാനും ഇന്ത്യയും ഊർജ്ജ മേഖലയിൽ വലിയ പങ്കാളികളാണ്.

പാകിസ്താനെ ഒഴിവാക്കി മധ്യേഷ്യയിലേക്ക് പ്രവേശിക്കാൻ ഇന്ത്യ സഹായിച്ച ഛബഹാർ തുറമുഖം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തി​െൻറ ഉദാഹരണമാണ്. മറുഭാഗത്ത്, ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ അമേരിക്കയുമായി പ്രതിരോധ, സാങ്കേതിക, വ്യാപാര മേഖലകളിൽ ഇന്ത്യയ്ക്ക് സമഗ്രമായ പങ്കാളിത്തമുണ്ട്.

ചരിത്രപരമായി അമേരിക്കയുടെ സൈനിക സഖ്യകക്ഷിയായതും, ഇറാനുമായുള്ള അതിർത്തിയിൽ ബലൂച് വിമതരുടെ പേരിൽ സൈനിക സംഘർഷങ്ങൾ നിലനിൽക്കുന്നതും പാകിസ്താ​െൻറ പോരായ്മകളാണ്. കൂടാതെ ഷിയാ-സുന്നി വിഭാഗീയതയും പാകിസ്താന്​ വെല്ലുവിളിയാണ്. എന്നാൽ അതിർത്തി പ്രശ്നങ്ങളില്ലാത്ത ഇന്ത്യയുടെ വാക്കുകൾക്ക്, ലോകത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ ഇരുരാജ്യങ്ങളും കൂടുതൽ വില കൽപ്പിക്കുമായിരുന്നു. എന്നിട്ടും ഈ ദൗത്യം പാകിസ്താൻ ഏറ്റെടുത്തത് ഇന്ത്യയുടെ നയതന്ത്ര പരാജയമായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യ വിജയകരമായി ഈ മധ്യസ്ഥത വഹിച്ചിരുന്നുവെങ്കിൽ, പശ്ചിമേഷ്യൻ സമാധാന പ്രക്രിയയിലെ അതിപ്രധാന ശക്തിയായി ഇന്ത്യ മാറുമായിരുന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധങ്ങൾ നീക്കാനും ഗൾഫ് മേഖലയിൽ സ്ഥിരമായ സമാധാനം ഉറപ്പാക്കാനും ഇത് സഹായിക്കുമായിരുന്നു. ഇത് ഈ മേഖലയിലെ ദശലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരതയ്ക്കും ഗുണകരമാകുമായിരുന്നു. 'വിശ്വമിത്ര' പദവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്കും ഐക്യരാഷ്​ട്രസഭാ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള അവകാശവാദത്തിനും ഇത് വലിയ കരുത്ത് നൽകുമായിരുന്നു.

ഇത്രയേറെ അനുകൂല ഘടകങ്ങളുണ്ടായിട്ടും ഈ അവസരം ഇന്ത്യയ്ക്ക് നഷ്‌ടമാകാൻ ചില നയതന്ത്ര മുൻഗണനകളും ബാഹ്യസമ്മർദങ്ങളുമാണ് കാരണമായത്. മുൻപ് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയത് ഇറാനിൽ അതൃപ്തിയുണ്ടാക്കിയിരുന്നു.

കൂടാതെ ഇസ്രായേലിനോടും അമേരിക്കയോടുമുള്ള അമിതമായ അടുപ്പം ഇന്ത്യയുടെ നിഷ്പക്ഷതയെ ഇറാൻ സംശയിക്കാനും കാരണമായി. നേരിട്ട് ബാധിക്കാത്ത ആഗോള പ്രശ്നങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക എന്ന ഇന്ത്യയുടെ പരമ്പരാഗത വിദേശനയവും, മധ്യസ്ഥതയിലെ അപകടസാധ്യത ഏറ്റെടുക്കാനുള്ള മടിയും പാകിസ്താന് വഴിയൊരുക്കി. ചുരുക്കത്തിൽ, ലോക ചരിത്രത്തിൽ ഇടംപിടിക്കാവുന്ന ഒരു വലിയ സാധ്യത ഇന്ത്യയ്ക്ക് മുന്നിൽ നഷ്​ടസ്വപ്നമായി അവശേഷിക്കുകയാണ്.

Show Full Article
TAGS:Iran-US ceasefire pakisthan mediation India 
News Summary - US-Iran Ceasefire: Pakistan's mediation is a golden opportunity lost for India
Next Story