ഉംറ വിസക്കാർക്കും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും വാക്സിനേഷൻ നിർബന്ധമില്ല
text_fieldsജിദ്ദ: സൗദിയിലെത്തുന്ന മുഴുവൻ ഉംറ തീർഥാടകർക്കും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും വാക്സിനേഷൻ നിർബന്ധമാണെന്ന മുൻ ഉത്തരവ് പിൻവലിച്ചതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക്ക). ഇതുസംബന്ധിച്ച് അതോറിറ്റി വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു.
പകർച്ചവ്യാധി തടയുക എന്ന ലക്ഷ്യത്തോടെ സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശപ്രകാരം ഒരു വയസിന് മുകളിലുള്ള മുഴുവൻ തീത്ഥാടകർക്കും വാക്സിൻ നിർബന്ധമാക്കികൊണ്ട് ജനുവരി ഏഴിന് അതോറിറ്റി വിമാനകമ്പനികൾക്ക് അയച്ച 2/15597 നമ്പർ സർക്കുലർ പിൻവലിക്കുന്നതായാണ് പുതിയ അറിയിപ്പ്.
സൗദിയിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ വിമാനങ്ങൾ ഉൾപ്പെടെ മുഴുവൻ വിമാന കമ്പനികൾക്കും പുതിയ ഉത്തരവ് ബാധകമാണെന്ന് സർക്കുലറിൽ പറയുന്നുണ്ട്.
സൗദിയിലേക്ക് പ്രവേശിക്കുന്ന ഉംറ വിസക്കാരും മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങൾ, മക്കക്കടുത്തുള്ള ജിദ്ദ, ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനായെത്തുന്നവരും നിർബന്ധമായും വാക്സിനേഷൻ കുത്തിവെപ്പ് എടുക്കണമെന്ന സൗദി ആരോഗ്യ മന്ത്രാലയ തീരുമാന പ്രകാരമായിരുന്നു സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനകമ്പനികൾക്ക് സർക്കുലർ അയച്ചിരുന്നത്.
ഉംറ വിസയുള്ളവർ, അല്ലെങ്കിൽ വിസ തരം പരിഗണിക്കാതെ ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവർ തുടങ്ങിയവർ യാത്രയുടെ കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികൾ ഉറപ്പ് വരുത്തണമെന്നും നിർദേശം പാലിക്കാത്ത വിമാനകമ്പനികൾ നിയമനടപടി നേരിടുമെന്നുമായിരുന്നു നേരത്തെ സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്.
വാക്സിൻ സർട്ടിഫിക്കറ്റ് യാത്രക്കാർ കൂടെ കരുതണമെന്നും നിർദേശമുണ്ടായിരുന്നു. ഈ ഉത്തരവുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. പുതിയ തീരുമാനം വരും ദിവസങ്ങളിൽ സൗദിയിലേക്ക് ഉംറ തീർത്ഥാടനത്തിനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുമായി വരാനിരിക്കുന്ന മുഴുവൻ വിശ്വാസികൾക്കും ആശ്വാസമായിരിക്കുകയാണ്.