Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജകീയ...

രാജകീയ രുചിക്കൂട്ടുകളുമായി വിജയ് ദം ദം ബിരിയാണി കാർണിവൽ

text_fields
bookmark_border
രാജകീയ രുചിക്കൂട്ടുകളുമായി വിജയ് ദം ദം ബിരിയാണി കാർണിവൽ
cancel

റിയാദ്: രുചി വൈവിധ്യങ്ങളുടെയും കലയുടെയും സംഗമഭൂമിയായി മാറിയ റിയാദ് മുറബ്ബയിലെ ലുലു അവന്യൂ മാളിൽ ഗൾഫ്​ മാധ്യമം ഒരുക്കിയ ‘വിജയ് ദം ദം ബിരിയാണി’ സെമിഫൈനൽ മത്സരങ്ങൾക്ക് ആവേശകരമായ പരിസമാപ്തി. ഗന്ധവും പാട്ടും മേളവും ഒത്തുചേർന്ന ഒരു യഥാർത്ഥ മംഗല്യരാവി​െൻറ അന്തരീക്ഷത്തിലാണ് ബിരിയാണി കാർണിവൽ അരങ്ങേറിയത്.

കോഴിക്കോട് കടപ്പുറത്തുനിന്ന് ആരംഭിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലൂടെ പ്രയാണം നടത്തിയ ഈ ജനപ്രിയ റോഡ്ഷോ ഇപ്പോൾ അതി​െൻറ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. മുപ്പതോളം മത്സരാർത്ഥികൾ മാറ്റുരച്ച റിയാദിലെ സെമിഫൈനൽ മത്സരത്തിലെ വിജയികളെ, ജിദ്ദയിൽ നടക്കുന്ന മത്സരങ്ങൾക്ക് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

മുഗൾ-നവാബ് രാജവംശങ്ങളുടെ പാരമ്പര്യമുള്ള ഹൈദരാബാദി, ലക്നൗവി ബിരിയാണികൾ മുതൽ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ കറാച്ചി, ബംഗാളി, ഇൻന്തോനേഷ്യൻ ബിരിയാണികൾ വരെ കാർണിവലിൽ അണിനിരന്നു. കൂടാതെ കുടക്, മംഗലാപുരം, തലശ്ശേരി, കൊല്ലം തുടങ്ങിയ പ്രാദേശിക മുദ്ര പതിഞ്ഞ രുചികളും മത്സരത്തിന് മാറ്റുകൂട്ടി.

മട്ടൻ, ചിക്കൻ, ബീഫ്, മത്സ്യം എന്നിവ കൊണ്ടുള്ള വിഭവങ്ങൾക്കൊപ്പം, കുടുംബ പാരമ്പര്യമായി കൈമാറിവന്ന രുചിക്കൂട്ടുകളും സ്വന്തമായ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ബ്രാൻഡ് ഇനങ്ങളും പക്കാ കല്യാണ ബിരിയാണിയുടെ തനിമയാർന്ന രുചികളും മത്സരത്തിൽ ശ്രദ്ധനേടി. മാങ്ങ, തേങ്ങാപ്പാൽ, കുഞ്ഞുള്ളി, ഇളനീർ എന്നിവ വരെ ഉപയോഗിച്ച് ബിരിയാണിയിൽ വേറിട്ട പരീക്ഷണങ്ങൾ നടത്തിയ മത്സരാർത്ഥികൾ ‘വല്ലഭന് പുല്ലും ആയുധം’ എന്ന് തെളിയിക്കുന്നതായിരുന്നു കാഴ്ച.

അന്താരാഷ്​ട്ര ഷെഫും പ്രമുഖ വ്ലോഗറുമായ രാജ് കലേഷ്, അൽ ഹൊഖൈർ ഗ്രൂപ്പ് ചീഫ് ഷെഫ് ടി.കെ. മശ്ഹൂദ്, മാരിയറ്റ് ഇൻറർനാഷനൽ ഹോട്ടൽ ഷെഫ് ഫാസിൽ എന്നിവരായിരുന്നു മത്സരത്തി​െൻറ വിധികർത്താക്കൾ. പുരുഷന്മാർക്കായി ‘ബിരിയാണി രാജ’, സ്ത്രീകൾക്കായി ‘ദം സ്​റ്റാർ’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

മത്സരത്തിൽ പങ്കെടുത്ത വിഭവങ്ങൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തിയെന്നും, അതിനാൽ തന്നെ വിജയികളെ കണ്ടെത്തുക എന്നത് വിധികർത്താക്കൾക്ക് ഏറെ പ്രയാസകരമായ ദൗത്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഉദ്ഘാടന-സമാപന ചടങ്ങുകളിൽ ഗൾഫ് മാധ്യമം റസിഡൻറ്​ മാനേജർ സലീം മാഹി, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് ബിൻ ജമാൽ, ഗൾഫ് മാധ്യമം ബ്യൂറോ ഇൻ ചാർജ്​ നജീം കൊച്ചുകലുങ്ക്, ലുലു ജനറൽ മാനേജർമാരായ ഷഫീർ, ലാലു വർക്കി എന്നിവർ പങ്കെടുത്തു.

വിജയ് മസാല പ്രതിനിധികളായ കെ.എസ്. അഫ്സൽ, അക്ഷയ് പി. നായർ, സിറ്റി ഫ്ലവർ പ്രതിനിധി നൗഷാദ്, ഫ്രൻഡി പ്രതിനിധി ലുഖ്മാൻ, ശിഫ അൽ ജസീറ പ്രതിനിധി അബ്​ദുൽ അസീസ്, ആർ.കെ.ജി പ്രതിനിധി മിഥുൻ ജോൺ ഇസാഖ്, പ്രവാസി പ്രതിനിധി ബാരിഷ് ചെമ്പകശ്ശേരി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഗൾഫ് മാധ്യമം കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ തൗഫീഖ് റഹ്​മാൻ, ഫൈസൽ കൊല്ലം, എൻജി. അബ്​ദ​ുറഹ്​മാൻ കുട്ടി, അഹ്ഫാൻ, ശിഹാബ് കുണ്ടൂർ, എം.പി. ഷഹ്ദാൻ, ഷാനിദ് അലി എന്നിവരും, ഗൾഫ്​ മാധ്യമം-മീ ഫ്രൻഡ്​ പ്രതിനിധികളായ ഷബിൻ മുഹമ്മദ്, നിഹാൽ, പി.കെ. സിറാജ്, മുനീർ എള്ളുവിള എന്നിവരും പരിപാടികൾ നിയന്ത്രിച്ചു. ഷബി മൻസൂർ ആയിരുന്നു പരിപാടിയുടെ അവതാരക.

രുചിക്കൂട്ടുകൾക്കൊപ്പം വേദിയിൽ അരങ്ങേറിയ കലാപരിപാടികളും ജനശ്രദ്ധ ആകർഷിച്ചു. ഹിബ അബ്​ദുൽ സലാം, അബ്​ദുൽ റഹീം, ലിനെറ്റ് സ്കറിയ എന്നിവർ ആലപിച്ച ഗാനങ്ങൾ ചടങ്ങിന് മനോഹാരിത പകർന്നു. പാട്ടി​െൻറ പേമാരി പെയ്യിച്ച ‘ഇശൽ വോയ്സ്’ കെ.എസ്.എ ടീമി​െൻറ മുട്ടിപ്പാട്ടും പരിപാടിക്ക് കൊഴുപ്പേകി. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ഇൻസ്​റ്റൻറ്​ ക്വിസ് മത്സരവും കാർണിവലി​െൻറ പ്രധാന ആകർഷണമായിരുന്നു. ലുലു, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, കാഫ് ലോജിസ്​റ്റിക്സ്, ടാക്സ് പോയിൻറ്​, ശിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി എന്നിവരാണ് വിജയ് ദം ദം ബിരിയാണി മേളയുടെ മുഖ്യ പ്രായോജകർ.

Show Full Article
TAGS:Vijay Dum Dum Biryani carnival Saudi Arabia 
News Summary - Vijay Dum Dum Biryani Carnival with royal flavors
Next Story