എച്ച്.എം.പി.വി മൂന്ന് വഴികളിലൂടെ പകരുന്നു -വിഖായ
text_fieldsറിയാദ്: ചൈനയിലുൾപ്പെടെ പടരുന്നു എന്ന് പറയപ്പെടുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ തടയാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ). സാധാരണഗതിയിൽ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണിത്. ചുമ, തുമ്മൽ, അല്ലെങ്കിൽ വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് ഈ വൈറസ് പകരുന്നത്.
അതിന്റെ ലക്ഷണങ്ങൾ ജലദോഷത്തിന് സമാനമായ ചുമ, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ്. മിക്ക കേസുകളും ലഘുവാണെങ്കിലും ദുർബല പ്രതിരോധശേഷി അനുഭവിക്കുന്ന പ്രായമായവരിലും ചെറിയ കുട്ടികളിലും ഇത് ഗുരുതര രോഗത്തിന് കാരണമാകുമെന്ന് വിഖായ ചൂണ്ടിക്കാട്ടി. പതിവായി കൈകഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മറയ്ക്കണം. ഇത്തരം നടപടികളിലൂടെ അണുബാധയെ തടയാമെന്ന് വിഖായ അറിയിച്ചു.