ബാറ്ററികളുടെ കാര്യത്തിൽ ചൈനക്കാരോടൊപ്പം മത്സരിക്കാൻ തങ്ങൾ തയാർ - സൗദി ഊർജ്ജ മന്ത്രി
text_fieldsസൗദി ഊർജ്ജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ സംസാരിക്കുന്നു.
റിയാദ്: പുതിയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും വ്യവസായത്തിന്റെയും സേവനങ്ങളുടെയും വികസനത്തിനും അടിസ്ഥാനം ഊർജ്ജ സുസ്ഥിരതയാണെന്ന് സൗദി ഊർജ്ജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു.
റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് സമ്മേളനത്തിന്റെ ഒമ്പതാമത് പതിപ്പിൽ നടത്തിയ പ്രസംഗത്തിലാണ് ഊർജ്ജ മന്ത്രി ഇക്കാര്യം പറഞ്ഞത്. 2030 നും അതിനുശേഷമുള്ള ഭാവിയിലേക്കും നാം ഇന്ന് തന്നെ അതിന് തയാറെടുക്കണം. ബാറ്ററികളുടെ മേഖലയിൽ അടുത്ത വർഷം സൗദി ശക്തമായി മുന്നേറുമെന്ന് ഊർജ്ജ മന്ത്രി പറഞ്ഞു. ഈ മേഖലയിൽ ശക്തമായ ഒരു ആഗോള എതിരാളിയായി സൗദി പ്രവേശിക്കുകയാണെന്ന് ചൈനയ്ക്ക് മന്ത്രി മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് മാസത്തിനുള്ളിൽ ചൈനീസ് വിപണി വികസിച്ചാലും വിപണിയെ നയിക്കാനുള്ള സൗദിയുടെ സന്നദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
വ്യാവസായിക മേഖലയുടെ പരിവർത്തനവും സേവനങ്ങളുടെ വൈവിധ്യവൽക്കരണവും ഊർജ്ജ സുസ്ഥിരതയെ ആശ്രയിച്ചിരിക്കുന്നതിനാൽ ലോകത്തിന് ഊർജ്ജം നൽകുന്നതിൽ ഒരു മത്സരാർഥിയാകാനുള്ള സൗദിയുടെകഴിവ് തെളിയിക്കാൻ മന്ത്രാലയം ശ്രമിക്കുകയാണ്. വിശ്വസനീയവും സുസ്ഥിരവുമായ ഒരു ഊർജ്ജ സ്രോതസ്സ് ഇല്ലെങ്കിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചേക്കാമെന്ന് ഊർജ്ജ മന്ത്രി ചൂണ്ടിക്കാട്ടി. നൂതന ഉൽപ്പാദനം, കൃത്രിമബുദ്ധി, വിനോദ മേഖല പോലുള്ള പുതിയ മേഖലകളിലെ തുടർച്ചയായ വളർച്ച മന്ത്രി വിശദീകരിച്ചു.
ലോകത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനും ജീവിക്കുന്നതിനുമുള്ള ഒരു മാർഗമെന്ന നിലയിൽ പരിവർത്തനത്തിന് വളരെയധികം ഊർജ്ജം ആവശ്യമാണെന്ന് പുതിയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വിശദീകരിച്ചപ്പോൾ മന്ത്രി പറഞ്ഞു. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മാത്രം ഈ മേഖലയിലെ സുസ്ഥിരത പരിമിതപ്പെടുത്തരുത്. മറിച്ച് 2035, 2040 തുടങ്ങിയ ഭാവിയിലെ പഞ്ചവത്സര പദ്ധതികളിലേക്ക് വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ഊർജ്ജ മേഖല വികസിപ്പിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. പലരും ഇത് മനസ്സിലാക്കേണ്ടതുണ്ട്. വൈദ്യുതി ശൃംഖലയിൽ 40 ശതമാനം ഓട്ടോമേഷൻ കൈവരിച്ചിട്ടുണ്ട്. 2060 അവസാനത്തോടെ വൈദ്യുതി രംഗത്ത് രാജ്യം ഉയർന്ന നിരക്കിൽ എത്തും.2028 ഓടെ ലക്ഷ്യമിട്ട സൂചകങ്ങളിലെത്തുന്നതിനായി മന്ത്രാലയം വഴി വൈദ്യുതി സംഭരണ പ്രവർത്തനങ്ങളും രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


