ലോക ഫയർ ആൻഡ് റെസ്‌ക്യൂ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ് റിയാദിൽ ആരംഭിച്ചു
text_fieldsറിയാദിൽ ആരംഭിച്ച ലോക ഫയർ ആൻഡ് റെസ്‌ക്യൂ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ് മത്സര ക്രമത്തിന്റെ നറുക്കെടുപ്പ് ചടങ്ങിൽ നിന്ന്
റിയാദ്: ലോക ഫയർ ആൻഡ് റെസ്‌ക്യൂ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിന് ചൊവ്വാഴ്ച റിയാദിൽ കൊടി ഉയർന്നു. ചാമ്പ്യൻഷിപ്പിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്‌പോർട്‌സ് സിറ്റിയിൽ നടന്നിരുന്നു. ഇതിലൂടെ പങ്കെടുക്കുന്ന ടീമുകളുടെ മത്സരക്രമം നിശ്ചയിച്ചു. നവംബർ ഒന്ന് വരെ നീണ്ടുനിൽക്കുന്ന ഈ ലോകോത്തര കായികമേളയിൽ ലോകമെമ്പാടുമുള്ള 22 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസും ഇൻ്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫയർ ആൻഡ് റെസ്‌ക്യൂ സ്‌പോർട്‌സുമായി സഹകരിച്ചാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
സുരക്ഷാ, രക്ഷാപ്രവർത്തന മേഖലകളിലെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക, അഗ്നിശമന സേനാംഗങ്ങളുടെ കഴിവുകളും പ്രൊഫഷനൽ നിലവാരവും പ്രദർശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സൗദി ഈ സുപ്രധാന ആഗോള ഇവൻ്റിന് ആതിഥേയത്വം വഹിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ 22 രാജ്യങ്ങളിൽ നിന്നുള്ള 300 ഓളം കായികതാരങ്ങളാണ് മത്സരിക്കുന്നത്. ഹുക്ക് ലാഡർ ക്ലൈംബ്, 100 മീറ്റർ ഹാർഡിൽസ്, 400 മീറ്റർ റിലേ, തീ അണയ്ക്കൽ തുടങ്ങി നാല് പ്രധാന ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ലോക ഫയർ ആൻഡ് റെസ്‌ക്യൂ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ സുരക്ഷ, രക്ഷാപ്രവർത്തന മേഖലകളിലെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനുള്ള സൗദിയുടെ നിരന്തരമായ ശ്രമമാണ് പ്രതിഫലിക്കുന്നതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. ഹമൂദ് ബിൻ സുലൈമാൻ അൽഫറജ് അഭിപ്രായപ്പെട്ടു. ചാമ്പ്യൻഷിപ്പിൻ്റെ നറുക്കെടുപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻ്റർനാഷനൽ സ്‌പോർട് ഫെഡറേഷൻ ഓഫ് ഫയർഫൈറ്റേഴ്‌സ് ആൻഡ് റെസ്‌ക്യൂവേഴ്‌സ് പ്രസിഡൻ്റ് അലക്സാണ്ടർ ചുപ്രിയൻ, ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഫെഡറേഷനുകളുടെ തലവന്മാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


