ലോക പ്രതിരോധ പ്രദർശനത്തിന് ഇന്ന് തുടക്കം
text_fieldsഇന്ത്യൻ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഞായറാഴ്ച ആരംഭിക്കുന്ന മൂന്നാമത് ലോക പ്രതിരോധ പ്രദർശനത്തിൽ (വേൾഡ് ഡിഫൻസ് ഷോ) പങ്കെടുക്കുന്ന ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് നയിക്കും. പരിപാടിയിൽ പ്രതിരോധ ഉൽപാദന വകുപ്പിലെയും സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പമുണ്ടാകും.
700-ലധികം പ്രദർശകരും 400 ഓളം ഔദ്യോഗിക പ്രതിനിധി സംഘങ്ങളും മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേളയിൽ പങ്കെടുക്കാൻ ശനിയാഴ്ച വൈകീട്ട് റിയാദിലെത്തിയ മന്ത്രിക്കും സംഘത്തിനും ഇന്ത്യൻ എംബസി അധികൃതരും സൗദി സർക്കാർ പ്രതിനിധികളും വരവേൽപ് നൽകി.
മൽഹാമിലെ റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഈ മാസം എട്ട് മുതൽ 12 വരെ നടക്കുന്ന മേളയിൽ ഞായറാഴ്ച രാവിലെ ഇന്ത്യൻ പവിലിയൻ മന്ത്രി സഞ്ജയ് സേത്ത് ഉദ്ഘാടനം ചെയ്യും. 400 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പവിലിയനിൽ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമാണ ശേഷിയും സാങ്കേതിക വിദ്യയും പ്രദർശിപ്പിക്കും.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, കമ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് തുടങ്ങി രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ സ്ഥാപനങ്ങൾ പവിലിയനിൽ അണിനിരക്കും. ടാങ്കുകൾ, പീരങ്കികൾ, മിസൈലുകൾ, വെടിക്കോപ്പുകൾ, റഡാറുകൾ തുടങ്ങിയ ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ ഉൽപന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കും.
പ്രദർശനത്തോടനുബന്ധിച്ച് മന്ത്രി സഞ്ജയ് സേത്ത് സൗദി പ്രതിരോധ വകുപ്പ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-വ്യവസായ സഹകരണം വർധിപ്പിക്കുന്നതിനായി പ്രമുഖ സൗദി വ്യവസായ കൂട്ടായ്മകളുമായി മന്ത്രി ആശയവിനിമയം നടത്തും. ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള തദ്ദേശീയ സാങ്കേതിക വിദ്യകൾ ആഗോളതലത്തിൽ പരിചയപ്പെടുത്താൻ ഈ വേദി പ്രയോജനപ്പെടുത്തും.
രണ്ട് വർഷത്തിലൊരിക്കൽ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ലോക പ്രതിരോധ പ്രദർശനം ഇന്ത്യൻ പ്രതിരോധ മേഖലക്ക് തന്ത്രപരമായ പ്രാധാന്യമുള്ള ഒന്നാണ്.
പ്രവാസികളുമായി മുഖാമുഖം ഇന്ന്
ഞായറാഴ്ച വൈകീട്ട് ആറിന് റിയാദി ഇന്ത്യൻ എംബസി ഒരുക്കുന്ന പരിപാടിയിൽ പ്രവാസികളുമായി പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ആശയവിനിമയം നടത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പരിപാടിയിലേക്ക് പ്രവേശനം. ആറിന് തുടങ്ങുന്ന പരിപാടിയിലേക്ക് 5.30ന് തന്നെ ആളുകൾ എത്തണമെന്ന് എംബസി അധികൃതർ അറിയിച്ചു.


