ജിസാനിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു
text_fieldsനിഖിൽ മണിയൻ
ജിസാൻ: മസ്‌തിഷ്‌ക്ക രക്തസ്രാവത്തെ തുടർന്ന് ജിസാൻ സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ മണിയൻ നാരായണന്റെയും അംബിക ഗോവിന്ദന്റെയും മകൻ നിഖിൽ മണിയനാണ് (35) മരിച്ചത്. രക്തസമ്മർദം കൂടുതലായി താമസസ്ഥലത്ത് കുഴഞ്ഞുവീണ നിഖിലിനെ കഴിഞ്ഞമാസം 29ന് അബുഅരീഷ് കിങ് ഫഹദ് സ്‌പെഷാലിറ്റി ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
തലച്ചോറിനുള്ളിലെ രക്തപ്രവാഹം നിയന്ത്രിക്കുന്നതിനും രക്തക്കട്ട നീക്കം ചെയ്യുന്നതിനുമായി തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയ ശേഷം നിഖിലിനെ ഈ മാസം അഞ്ചിനാണ് സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമെടുത്ത സി.ടി സ്‌കാൻ റിപ്പോർട്ടിൽ നേരിയ മാറ്റം കണ്ടിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്ത് മുൻകൈയെടുത്ത് വിദഗ്‌ധ ചികിത്സകൾക്കായി വീണ്ടും അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ നിഖിലിന്റെ ആരോഗ്യനില വഷളാവുകയും മരിക്കുകയും ചെയ്തത്.
നാട്ടിൽ നിന്ന് പുതിയ വിസയിൽ അഞ്ചു മാസം മുമ്പാണ് ജിസാൻ അബൂഅരീഷിലെ റസ്റ്റാറന്റിൽ ഷെഫായി നിഖിൽ ജോലിക്കെത്തിയത്. ഹോട്ടൽ മാനേജ്‌മെൻറ് ബിരുദധാരിയായ നിഖിൽ എട്ട് വർഷത്തോളം കുവൈത്തിലും ജോലിചെയ്തിരുന്നു. സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന നിഖിലിന് സുഹൃത്തും സഹപാഠിയുമായ നഴ്‌സ് സോണിയയും സാംത ആശുപത്രിയിലെ മലയാളി നേഴ്‌സുമാരും ‘ജല’ പ്രവർത്തകരും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തിരുന്നു.
സാംത ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നിഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികളുമായി ജല ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ജോജോ തോമസ്, അൽഅമീൻ എന്നിവർ രംഗത്തുണ്ട്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് നിഖിൽ. ലക്ഷ്‌മിയാണ് ഭാര്യ. മകൾ രണ്ടര വയസ്സുകാരി നിഹാരിക. സഹോദരിയായ നീതു വിവാഹിതയാണ്. നിഖിലിന്റെ വിയോഗത്തിൽ ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു.


