Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉൽക്ക വർഷം കണ്ട്...

ഉൽക്ക വർഷം കണ്ട് മടങ്ങവേ അബൂദബിയിൽ വാഹനാപകടം; 17കാരിയായ ഇന്ത്യൻ പ്രവാസി വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
ഉൽക്ക വർഷം കണ്ട് മടങ്ങവേ അബൂദബിയിൽ വാഹനാപകടം; 17കാരിയായ ഇന്ത്യൻ പ്രവാസി വിദ്യാർഥിനി മരിച്ചു
cancel

അബൂദബി: ഉൽക്ക വർഷം കണ്ട് മടങ്ങവേ ഉണ്ടായ വാഹനാപകടത്തിൽ 17കാരിയായ ഇന്ത്യൻ പ്രവാസി വിദ്യാർഥിനി മരണപ്പെട്ടു. പ്ലസ് ടു പഠനം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിന് ചേരാനിരുന്ന നബാനിപ സിൻഹയാണ് (ദിയ - 17) അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനും യു.എസിലെ എൻജിനീയറിങ് വിദ്യാർഥിയുമായ ദീപ്താൻഷു (20), വാഹനം ഓടിച്ചിരുന്ന ദുബൈയിലെ കോളജ് വിദ്യാർഥിയായ സുഹൃത്ത് നിരഞ്ജൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

ആഗസ്റ്റ്​ 13ന് പുലർച്ചെയായിരുന്നു സംഭവം. അബൂദബിയിലെ പ്രശസ്തമായ ആകാശനിരീക്ഷണ കേന്ദ്രമായ അൽ ഖുവയിലെ ‘പെഴ്‌സീഡ്സ് ഉൽക്ക വർഷം’ കണ്ട് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. രാത്രി വൈകിയുള്ള യാത്ര ഒഴിവാക്കാൻ പുലർച്ചെ അഞ്ചു മണിക്ക് ശേഷമേ മടങ്ങാവൂ എന്ന് മാതാപിതാക്കൾ ഇവരോട് നിർദേശിച്ചിരുന്നു. ‘വീട്ടിലെത്താറായി’ എന്ന് നബാനിപയും ദീപ്താൻഷുവും സന്ദേശമയച്ച് മിനിറ്റുകൾക്കകമാണ് അപകടവാർത്ത മാതാപിതാക്കളെ തേടിയെത്തിയത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപ്താൻഷുവിനെ അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ഐ.സി.യുവിൽ നിന്ന് പ്രത്യേക വാർഡിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഇനിയും ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടതുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നിരഞ്ജന്‍റെ നിലയും ഗുരുതരമായി തുടരുകയാണ്. ദീപ്താൻഷുവിനെ സഹോദരിയുടെ മരണവിവരം അറിയിക്കാൻ ആശുപത്രിയിലെ സോഷ്യൽ സർവീസ് വിഭാഗത്തിന്‍റെ സഹായം തേടേണ്ടിവന്നു.

കുടുംബത്തിന്‍റെ വെളിച്ചം മാഞ്ഞു

തങ്ങളുടെ പ്രിയപ്പെട്ട ‘ദിയ’ (വെളിച്ചം) എന്ന വിളിപ്പേരുള്ള നബാനിപയുടെ വേർപാട് താങ്ങാനാകാതെ തകർന്നിരിക്കുകയാണ് ഈ പ്രവാസി കുടുംബം. ‘അവൾ ഞങ്ങളുടെ വെളിച്ചമായിരുന്നു, എന്‍റെ നല്ലൊരു കൂട്ടുകാരിയും ഉപദേശകയുമായിരുന്നു. ഞങ്ങളുടെ ലോകം മുഴുവൻ അവൾക്ക് ചുറ്റുമായിരുന്നു’ എന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് മാതാവ് ആത്രേയി സിൻഹ ഓർത്തെടുത്തു. തന്‍റെ അമ്മയുടെ സാന്നിധ്യമാണ് മകളിൽ കണ്ടിരുന്നതെന്നും കുടുംബത്തിന് മുഴുവൻ സന്തോഷവും പ്രചോദനവും നൽകിയിരുന്ന മകളുടെ വേർപാട് നികത്താനാവാത്തതാണെന്നും പിതാവ് ദിഗന്ത സിൻഹ പറഞ്ഞു.

പഠനത്തിൽ എന്നും മുൻപന്തിയിലായിരുന്ന നബാനിപ സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിൽ രണ്ടാം റാങ്കോടെയാണ് വിജയിച്ചത്. ദുബൈയിലെ സർവകലാശാലയിൽ അക്കൗണ്ടിങ് ആൻഡ് ഫിനാൻസ് ഓണേഴ്‌സ് കോഴ്‌സിന് 50 ശതമാനം സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ച് പുതിയ അധ്യയന വർഷത്തിന് തുടക്കമിടാനിരിക്കെയാണ് ദുരന്തം. ആഗസ്റ്റ്​ 18ന് ദുബൈ ജബൽ അലിയിലെ ന്യൂ സോനാപ്പൂർ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

അൽ ഖുവ പാതയിൽ ഒരു വർഷത്തിനിടെ രണ്ടാമത്തെ ദുരന്തം

രാത്രികാല യാത്രക്കാരുടെ പ്രിയപ്പെട്ട കേന്ദ്രമായ അൽ ഖുവ പാതയിൽ ഒരു വർഷത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ഗാലക്സി കാഴ്ചകൾ കാണാൻ നാല് സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേ വാഹനം മറിഞ്ഞ് മലയാളി പ്രവാസിയായ ശരത് ശശിധരൻ (36) മരണപ്പെട്ടതും ഇതേ റോഡിലായിരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ ആളുകൾ സഞ്ചരിക്കുന്ന ഈ പാതയിലെ ഡ്രൈവിങ്ങിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

Show Full Article
TAGS:17 year old Indian Student dead UAE Vehicle Accident 
News Summary - 17-year-old Indian expat student dies in Abu Dhabi traffic accident while returning after watching meteor shower
Next Story