വേനൽകാല പദ്ധതിയിൽ 270 കുട്ടികളെ വിദേശത്തയച്ചു; വിദ്യാഭ്യാസ മന്ത്രാലയമാണ് ആറു രാജ്യങ്ങളിലേക്ക് വിദ്യാർഥികളെ അയച്ചത്
text_fieldsസമ്മർ എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി വിദേശത്തേക്ക് യാത്ര പുറപ്പെടുന്ന വിദ്യാർഥികൾ
ദുബൈ: വിവിധ രാജ്യങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും അവസരമൊരുക്കി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം വേനൽകാല പദ്ധതിയിൽ 270 കുട്ടികളെ വിദേശത്തയച്ചു. സമ്മർ എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് ആറു രാജ്യങ്ങളിലേക്ക് പൊതു സ്കൂളുകളിലെ മികച്ച വിദ്യാർഥികളെ അയച്ചത്. സിംഗപ്പൂർ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, റഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകളിലേക്കും ഗവേഷണ സ്ഥാപനങ്ങളിലേക്കുമാണ് ഇവരെ അയച്ചിരിക്കുന്നത്. 10, 11 ക്ലാസുകളിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.
വിദ്യാർഥികൾക്ക് ഉയർന്നതലത്തിലുള്ള ആഗോള പരിശീലനവും വിദ്യാഭ്യാസ അനുഭവങ്ങളും പ്രദാനം ചെയ്യാൻ ലക്ഷ്യംവെച്ചുള്ളതാണ് പരിപാടി. അക്കാദമിക്, വ്യക്തിഗത കഴിവുകൾ വർധിപ്പിക്കാനും നിർമിതബുദ്ധി, നേതൃത്വം, സംരംഭകത്വം തുടങ്ങിയ രംഗങ്ങളിലെ പുതുമകളെക്കുറിച്ച അറിവ് ശക്തിപ്പെടുത്തുന്നതിനും സംരംഭം സഹായിക്കും. മികച്ച കരിയർ തിരഞ്ഞെടുപ്പുകൾ നടത്താനും ആഗോള വൈജ്ഞാനിക ബന്ധങ്ങൾ രൂപപ്പെടുത്താനും മികവ് പുലർത്തുന്നതിന് ആവശ്യമായ കഴിവുകൾ വികസിപ്പിക്കാനും ഇത് വിദ്യാർഥികളെ സഹായിക്കും.
സമ്മർ എബ്രോഡ് പ്രോഗ്രാം വിദ്യാർഥികൾക്ക് മികച്ച അന്താരാഷ്ട്ര ശാസ്ത്ര സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നതിനൊപ്പം, അക്കാദമിക് വളർച്ച, വ്യക്തിഗത വികസനം, വിശാലമായ സാംസ്കാരികവും ശാസ്ത്രീയവുമായ കാഴ്ചപ്പാട് വളർത്തിയെടുക്കൽ എന്നിവക്ക് സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി പറഞ്ഞു.
പരിശീലനം ലഭിച്ച 29 അക്കാദമിക് സൂപ്പർവൈസർമാരുടെ സഹായം വിദ്യാർഥികൾക്ക്
ലഭിക്കും.