ഗസ്സയിൽ യു.എ.ഇയുടെ 38 സഹായട്രക്കുകളെത്തി
text_fieldsയു.എ.ഇയുടെ സഹായവുമായി ട്രക്ക് ഗസ്സയിലെ റഫ അതിർത്തി കടക്കുന്നു
ദുബൈ: യുദ്ധത്തെ തുടർന്ന് പട്ടിണിയിലും ദുരിതത്തിലുമായ ഗസ്സ നിവാസികൾക്ക് സഹായ വസ്തുക്കളുമായി യു.എ.ഇയുടെ 38 ട്രക്കുകൾ റഫ അതിർത്ത് കടന്നു. ഈജിപ്തിൽ നിന്ന് പ്രവേശിച്ച ട്രക്കുകളിൽ ഭക്ഷണ സാധനങ്ങൾ, മെഡിക്കൽ സഹായം, കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ, പുതിയ കുടിവെള്ള പൈപ്പ്ലൈൻ സജ്ജീകരിക്കാൻ ആവശ്യമായ ഉപകരണങ്ങളും പൈപ്പുകളും എന്നിവയാണുള്ളത്. ഏഴ് കി.മീറ്റർ നീളത്തിലാണ് പൈപ്പ്ലൈൻ സജ്ജീകരിക്കുന്നത്. ഇത് ഈജിപ്തിൽ സജ്ജീകരിച്ച യു.എ.ഇയുടെ ഉപ്പുവെള്ള ശുദ്ധീകരണ പ്ലാനറുമായി ബന്ധിപ്പിക്കും. ഗസ്സയിലെ റഫ, ഖാൻ യൂനുസ് പട്ടണങ്ങളുമായി ബന്ധിപ്പിച്ചാണ് പൈപ്പ് ലൈൻ ഒരുക്കുന്നത്. ഇതുവഴി 20 ലക്ഷം ഗാലൻ വെള്ളം എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസവും യു.എ.ഇയുടെ 25 ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചിരുന്നു. ഇവയിലും കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കാൻ ആവശ്യമായ ഉപകരണങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ആകാശമാർഗവും യു.എ.ഇ സഹായമെത്തിച്ചിരുന്നു. ജോർഡനും യു.എ.ഇയും ചേർന്നാണ് മൂന്ന് എയർഡ്രോപ്പ് മിഷനുകൾ പൂർത്തിയാക്കിയത്. 25ടൺ സഹായവസ്തുക്കളാണ് പാരച്യൂട്ട് വഴി ഗസ്സയിൽ ഇറക്കിയത്. കഴിഞ്ഞ വർഷവും ഗസ്സയിൽ ആകാശ മാർഗം എയർഡ്രോപ്പിലൂടെ സഹായമെത്തിക്കാൻ യു.എ.ഇ മുന്നിട്ടിറങ്ങിയിരുന്നു.
‘നന്മയുടെ പറവകൾ’ എന്നുപേരിട്ട ഓപറേഷൻ തന്നെ ഇതിനായി രാജ്യം നടപ്പിലാക്കിയിരുന്നു. യുദ്ധത്തിന്‍റെ ആരംഭം മുതൽ വിവിധ പദ്ധതികളിലൂടെ ഗസ്സയിൽ യു.എ.ഇ സഹായമെത്തിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് 7,166 ടൺ സഹായ വസ്തുക്കളുമായി യു.എ.ഇയിൽ നിന്നുള്ള ഏറ്റവും വലിയ കപ്പൽ ‘ഖലീഫ’ ഗസ്സയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഗസ്സയിലെ ആരോഗ്യ മേഖലക്ക് വലിയ സഹായമാകുന്ന ഫീൽഡ് ആശുപത്രിയും എത്തിക്കുന്നുണ്ട്. ആശുപത്രിയിൽ 400രോഗികൾക്ക് ചികിൽസ നൽകാനുള്ള സൗകര്യമുണ്ട്. 16ആംബുലൻസുകളും ഇതിലുൾപ്പെടും.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലെസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായാണ് സഹായം എത്തിക്കുന്നത്. 2023മുതൽ ഗസ്സയിലേക്ക് യു.എ.ഇ തുടർച്ചയായി സഹായം എത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും യു.എ.ഇ സഹായട്രക്കുകൾ ഗസ്സയിൽ സഹായം വിതരണം ചെയ്തിരുന്നു.