Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right48...

48 മണിക്കൂർ..വിറ്റുതീർന്നത്​ 5,000 ടിക്കറ്റുകൾ! ഒന്നാം നമ്പർ സൗജന്യ ആപ്പായി മാറി ഇത്തിഹാദ്

text_fields
bookmark_border
48 മണിക്കൂർ..വിറ്റുതീർന്നത്​   5,000 ടിക്കറ്റുകൾ!  ഒന്നാം നമ്പർ സൗജന്യ ആപ്പായി മാറി ഇത്തിഹാദ്
cancel

വികസനക്കുതിപ്പിന്​ ആക്കംകൂട്ടി ആവേശപൂർവം ട്രാക്കിലെത്തുന്ന ഇത്തിഹാദ്​ റെയിലിന്‍റെ ആദ്യ സർവിസുകൾക്ക്​ വൻ ഡിമാൻഡ്​. പാസഞ്ചർ സർവീസുകൾക്കായുള്ള ബുക്കിങ്​ ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ വിറ്റുതീർന്നത്​ 5000ത്തിലധികം ടിക്കറ്റുകൾ. യു.എ.ഇയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി ഓപറേറ്ററുടെ മൊബൈൽ ആപ്​ മാറുകയും ചെയ്തു.

യു.എ.ഇയുടെ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ പ്രാരംഭ പ്രവർത്തന ഘട്ടത്തിന് തുടക്കം കുറിച്ച്​ ജൂൺ 30ന് അബൂദബിക്കും ഫുജൈറക്കും ഇടയിലുള്ള പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ടിക്കറ്റുകൾക്കുള്ള ഈ വൻ ഡിമാൻഡ്​. ഒരു മണിക്കൂർ 45 മിനിറ്റ് ആണ്​ ഈ സർവിസിന്‍റെ യാത്രാസമയം. തുടർന്ന് സെപ്റ്റംബർ 30 മുതൽ അബൂദബി, ദുബൈ, അൽ ദൈദ്, ഫുജൈറ എന്നിവയെ ഉൾപ്പെടുത്തി ഇത്തിഹാദ്​ റെയിൽ ഈ ശൃംഖല വിപുലീകരിക്കും. സെപ്​റ്റംബർ 30നാണ്​ ഔദ്യോഗിക ഉദ്​ഘാടനം.

അൽ ദഫ്​റ സ്റ്റേഷനുകളിലേക്കും ഷാർജയിലേക്കുമുള്ള സർവീസുകൾക്ക്​ പിന്നാലെ തുടക്കമിടും. രാജ്യത്തെ 11 പ്രധാന നഗര​ങ്ങളെ കോർത്തിണക്കുന്ന ഇത്തിഹാദ് റെയിലിന്‍റെ വിപുലമായ പാസഞ്ചർ ശൃംഖല രാജ്യത്തുടനീളം 900 കിലോമീറ്റർ നീളത്തിൽ വ്യാപിക്കും.

ടിക്കറ്റുകൾ ജൂൺ 23ന്​ വിൽപന തുടങ്ങി 24 മണിക്കൂറിനകം ജൂൺ 30​ രാവിലെ 8.19, ഉച്ചക്ക്​ 1.53 സമയങ്ങളിലെ സർവീസുകളുടെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. ‘വർഷങ്ങളായി ആളുകൾ യു.എ.ഇയിലുടനീളം റെയിൽവേ പാതകൾ രൂപപ്പെടുന്നത് നോക്കിനിൽക്കുകയായിരുന്നു. ഇന്ന്, അവർക്ക് ഒരു ആപ്പ് തുറന്ന് ടിക്കറ്റ് വാങ്ങി ഈ ചരിത്രത്തിന്‍റെ ഭാഗമാകാം’ -ഇത്തിഹാദ് റെയിൽ ചീഫ് ഓപറേറ്റിങ്​ ഓഫിസർ അസ്സ അൽ സുവൈദി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

അബൂദബി-ഫുജൈറ പാസഞ്ചർ സർവിസിന്​ കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ്​ ടിക്കറ്റ്​ നിരക്ക്​. കംഫർട്ട് ക്ലാസിൽ വൈഫൈ, എല്ലാ സീറ്റിലും പവർ ഔട്ട്‌ലെറ്റുകൾ, ആവശ്യത്തിന് ലഗേജ് ഇടം എന്നീ സൗകര്യങ്ങളൊക്കെയുണ്ട്​. പ്രീമിയം ക്ലാസിൽ കൂടുതൽ വീതിയുള്ള സീറ്റുകളാണ്​. ഇവിടെ യാത്രക്കാർക്ക് സൗജന്യ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ലഭിക്കും​. പുതിയ ട്രെയിൻ സ്റ്റേഷനുകളിൽ കഫേകൾ, റെസ്റ്റോറന്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും. കൂടാതെ ട്രെയിനുകൾക്കുള്ളിലും ഭക്ഷണ സൗകര്യം ലഭ്യമായിരിക്കും.

ട്രാവൽ ഏജന്‍റുമാർക്ക് ആദ്യ ദിവസം മുതൽ തന്നെ ഒരു പേരിൽ ഒന്നിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. കോർപറേറ്റ്, സ്കൂൾ, ഗ്രൂപ്പ് ബുക്കിങ്ങുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോർഡിനേഷൻ ടീം രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തിഹാദ് റെയിൽ അറിയിച്ചു. സംഘടിത യാത്രകൾ, സ്കൂൾ യാത്രകൾ, ടൂറിസം ഗ്രൂപ്പുകൾ, എമിറേറ്റുകൾക്കിടയിൽ സഞ്ചരിക്കേണ്ടി വരുന്ന ജീവനക്കാർ എന്നിവർക്ക് ഈ നീക്കം സഹായകരമാകും.

മണൽ തിട്ടകളും പർവതപ്രദേശങ്ങളും ഉൾപ്പെടെയുള്ള ദുർഘടമായ ഭൂപ്രകൃതി ഉള്ളതിനാലാണ് അബൂദബി-ഫുജൈറ റൂട്ട് ആദ്യം തെരഞ്ഞെടുത്തതെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റിയുടെ കൊമേഴ്‌സ്യൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അദ്​റ അൽ മൻസൂരി പറഞ്ഞു. കൂടുതൽ വിപുലമായ പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് ആദ്യത്തെയും അവസാനത്തെയും മൈൽ ലോജിസ്റ്റിക്‌സ് പരീക്ഷിക്കാൻ ഈ റൂട്ട് ഇത്തിഹാദ് റെയിലിനെ സഹായിക്കും.

ഈ ശൃംഖലയുടെ ആദ്യ രണ്ട് പാസഞ്ചർ റൂട്ടുകൾ വ്യത്യസ്ത വിഭാഗം യാത്രക്കാരെ ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അവർ പറഞ്ഞു.

ഫുജൈറ റൂട്ട് ടൂറിസം മേഖലക്ക്​ കരുത്ത്​ പകരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതേസമയം, സെപ്​റ്റംബർ 30ന്​ തുടക്കമിടുന്ന അബൂദബി-ദുബൈ റൂട്ട് ബിസിനസ്​ യാത്രക്കാരെ മുൻനിർത്തിയാണ് ആസൂത്രണം ചെയ്യുന്നത്.

ദുബൈ, ഷാർജ റൂട്ടുകളിൽ സ്ഥിരം യാത്രക്കാർക്കും വിദ്യാർഥികൾക്കുമായി ഭാവിയിൽ പുതിയ നിരക്ക് ആനുകൂല്യങ്ങൾ കൊണ്ടുവരുമെന്ന സൂചനയും ഇത്തിഹാദ് റെയിൽ നൽകിയിട്ടുണ്ട്.

മുതിർന്ന പൗരന്മാർ, കുട്ടികൾ, ശിശുക്കൾ എന്നിവർക്ക്​ അബൂദബി-ഫുജൈറ സർവീസിൽ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾക്ക് പുറമെയായിരിക്കും ഇത്. ഇത്തിഹാദ് റെയിലും ‘കീലിസും’ തമ്മിലുള്ള സംയുക്ത സംരംഭമായ ‘ഇത്തിഹാദ് റെയിൽ മൊബിലിറ്റി’ ആയിരിക്കും പാസഞ്ചർ റെയിൽ സർവീസുകൾ നിയന്ത്രിക്കുക.

Show Full Article
TAGS:UAE railway Free App 
News Summary - 48 hours... 5,000 tickets sold! Etihad Rail becomes the number one free app
Next Story