ദുബൈയിൽ മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ച നിലയിൽ
text_fieldsഹാബേൽ അനിൽ ദേശായ്
ദുബൈ: കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ദുബൈയിലെ ജുമൈറ ബീച്ചിലാണ് അപകടം നടന്നത്. ഇടുക്കി വാഗമൺ ഏലപ്പാറ സ്വദേശി ഹാബേൽ അനിൽ ദേശായ് (30) ആണ് മരിച്ചത്. ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
അവധി ദിനമായതിനാൽ ഞായറാഴ്ച രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനായാണ് ബീച്ചിലേക്ക് പോയത്. നീന്തൽ അറിയാത്തതിനാൽ ഹാബേൽ കരക്കിരിക്കുകയായിരുന്നു. അൽപ സമയത്തിന് ശേഷം ഹാബേലിനെ കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷിച്ചെങ്കിൽ കണ്ടെത്താനായില്ല. കടലിൽ മുങ്ങിപ്പോയതായി സംശയം തോന്നിയതിനെ തുടർന്ന് കൂട്ടുകാർ ദുബൈ സിവിൽ ഡിഫൻസിൽ അറിയിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ഹാബേലിനെ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുബൈ റാഷിദിയ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ദുബൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സാമൂഹിക പ്രവർത്തകനായ നാസർ വാടാനപ്പള്ളി പറഞ്ഞു. ഇടുക്കി ബേതൽ ഹൗസിൽ ആബേലാണ് പിതാവ്. മാതാവ് അനിമോൾ. സഹോദരി അഭിരാമി.