Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി ഈത്തപ്പഴ...

അബൂദബി ഈത്തപ്പഴ മേളകൾക്ക് ഗംഭീര സമാപനം

text_fields
bookmark_border
അബൂദബി ഈത്തപ്പഴ മേളകൾക്ക് ഗംഭീര സമാപനം
cancel

അബൂദബി: യു.എ.ഇയുടെ പരമ്പരാഗത കാർഷിക പൈതൃകം വിളിച്ചോതിയും ഈത്തപ്പന കൃഷിയുടെയും പ്രാദേശിക ഫലവർഗങ്ങളുടെയും വൈവിധ്യം പ്രദർശിപ്പിച്ചും അബൂദബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2026ലെ ‘റുതബ് സീസൺ’ ഗംഭീരമായി സമാപിച്ചു. ജൂലൈ 14 മുതൽ ആഗസ്റ്റ് ഒമ്പതുവരെ ലിവ, അൽ ഐൻ, അൽ വത്ബ എന്നിവിടങ്ങളിലായി നടന്ന മൂന്നു വലിയ ഈത്തപ്പഴ മഹോത്സവങ്ങളാണ് ഇത്തവണത്തെ കാർഷിക സീസണിന് മാറ്റുകൂട്ടിയത്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ കാർഷിക മേഖലക്കും ഈത്തപ്പന കൃഷിക്കും നൽകിയ വലിയ പ്രാധാന്യവും അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളും മുൻനിർത്തിയാണ് ഉത്സവം സംഘടിപ്പിച്ചത്. പ്രാദേശിക കാർഷിക ഉൽപാദനം വർധിപ്പിക്കാനും പുതിയ തലമുറക്ക് ഈത്തപ്പന കൃഷിയുടെ അറിവുകൾ കൈമാറാനും ലക്ഷ്യമിട്ട് അബൂദബി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ തുടർച്ചയാണിത്.

ലിവ ഈത്തപ്പഴ ഫെസ്റ്റിവലിന്‍റെ 22-ാം പതിപ്പ്, ആദ്യമായി സംഘടിപ്പിച്ച അൽ ഐൻ ഈത്തപ്പഴ ഫെസ്റ്റിവൽ, അൽ വത്ബ ഈത്തപ്പഴ ഫെസ്റ്റിവൽ എന്നിവ ഉൾപ്പെട്ട ഈ കാർഷിക സീസൺ ഏറെ മികവുറ്റതായിരുന്നു. റുതബ്, വിവിധ ഫലവർഗങ്ങൾ, മാതൃകാ ഫാമുകൾ, പരമ്പരാഗത പൈതൃക വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് നടന്ന 60 മത്സരങ്ങളിലായി 1.9 കോടിയിലധികം ദിർഹം മൂല്യമുള്ള 780 സമ്മാനങ്ങൾ കർഷകർക്ക് വിതരണം ചെയ്തു. യു.എ.ഇയിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമായി 1500ലധികം കർഷകരും 180000ത്തോളം സന്ദർശകരും മൂന്ന് ഉത്സവങ്ങളിലുമായി പങ്കെടുത്തു. 18 ടണ്ണിലധികം പ്രാദേശിക ഈത്തപ്പഴങ്ങളും ഫലവർഗങ്ങളുമാണ് മത്സരങ്ങൾക്കായി ലഭിച്ചത്.

റുതബ് സീസണിന് തുടക്കമിട്ട 22-ാം ലിവ മേളയിൽ 80000 സന്ദർശകരെത്തി. 23 മത്സരങ്ങളിലായി 465 കർഷകർ പങ്കെടുത്തു. എട്ട് ടണ്ണോളം ഉൽപന്നങ്ങൾ മേളയിലേക്ക് എത്തിക്കുകയും ചെയ്തു. ഇവിടെ പ്രവർത്തിച്ച റുതബ് മാർക്കറ്റിൽ 97 കടകളും പൈതൃക സൂഖിൽ 68 സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു. ആദ്യമായി നടന്ന അൽ ഐൻ മേളയിൽ 74599 സന്ദർശകരെത്തി. 19 മത്സരങ്ങളിലായി 621 പേർ മാറ്റുരക്കുകയും ചെയ്തു. അഞ്ച് ടണ്ണിലധികം ഈത്തപ്പഴവും 585 കിലോഗ്രാം ഫലവർഗങ്ങളും ലഭിച്ച അൽ ഐനിൽ 84 റുതബ് സ്റ്റാളുകളും 76 പൈതൃക സ്റ്റാളുകളും ഉണ്ടായിരുന്നു.

സീസണിന്‍റെ സമാപനം കുറിച്ച അൽ വത്ബ മേളയിൽ 25000ത്തിലധികം സന്ദർശകരും 18 മത്സരങ്ങളിലായി 448 കർഷകരും പങ്കെടുത്തു. 4.3 ടണ്ണിലധികം ഉൽപന്നങ്ങൾ മത്സരങ്ങൾക്ക് ലഭിച്ച അൽ വത്ബയിൽ കർഷകരുടെ ഉൽപന്ന വിപണനത്തിനായി 60 ഔട്ട്‌ലെറ്റുകളാണ് ഒരുക്കിയത്. കാർഷിക-സാമ്പത്തിക പ്രാധാന്യത്തിന് പുറമെ, നാടൻ കലാപ്രകടനങ്ങൾ, പരമ്പരാഗത പരിപാടികൾ, സാംസ്കാരിക വിപണികൾ എന്നിവയിലൂടെ യു.എ.ഇയുടെ പാരമ്പര്യം യുവതലമുറയിലേക്ക് പകർന്നുനൽകുന്ന മികച്ചൊരു സാമൂഹിക പ്ലാറ്റ്‌ഫോമായും ഈ കാർഷിക മഹോത്സവങ്ങൾ മാറി.

Show Full Article
TAGS:gulfnews gulfnewsmalayalam UAE 
News Summary - The 2026 ‘Rutabh Season’, organized by the Abu Dhabi Heritage Authority, concluded with a grand finale.
Next Story