ഭക്ഷ്യമേഖലയുടെ നവീകരണത്തിന് അബൂദബി പദ്ധതി
text_fieldsഅബൂദബിയിൽ ഭക്ഷ്യോൽപ്പന്നങ്ങൾക്കായുള്ള നിയന്ത്രണ ചട്ടക്കൂട് രൂപപ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി
പ്രഖ്യാപന ചടങ്ങ്
അബൂദബി: ഭക്ഷ്യമേഖലയുടെ നവീകരണവും ഭക്ഷ്യസുരക്ഷയും ലക്ഷ്യമിട്ട് അബൂദബിയിൽ പുതിയ പദ്ധതിക്ക് തുടക്കം. അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി(അഡഫ്സ), അബൂദബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ(ക്യു.സി.സി), അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് (എ.ഡി.ഐ.ഒ) എന്നിവ ചേർന്നാണ് പുതിയ ഭക്ഷ്യോൽപ്പന്നങ്ങൾക്കായുള്ള നിയന്ത്രണ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ സംരംഭം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഭക്ഷ്യ മേഖലയുടെ നവീകരണത്തിന് നേതൃത്വം നൽകുന്നതിനും യു.എ.ഇയിൽ സുസ്ഥിര ഭക്ഷ്യസുരക്ഷ വികസിപ്പിക്കുന്നതിനുമാണ് സംവിധാനം. ഭക്ഷ്യോൽപ്പാദനത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും പുതിയ കൃഷിരീതി, സുസ്ഥിര ഭക്ഷ്യ സംവിധാനങ്ങൾ, ബയോടെക്നോളജി എന്നിവയിൽ വലിയ നിക്ഷേപങ്ങൾ ആകർഷിച്ചും ഭക്ഷ്യ മേഖലയിൽ അബൂദബിയെ ആഗോള തലത്തിലെ ഏറ്റവും മുന്നിലെത്തിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.
ഇതുവഴി സാമ്പത്തിക വളർച്ചയിൽ മുന്നേറ്റമുണ്ടാക്കാനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താനും കൂടുതൽ പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ഭാവിക്ക് വഴിയൊരുക്കാനും ലക്ഷ്യമിടുന്നുണ്ട്. യു.എ.ഇ, ജി.സി.സി, യൂറോപ്യൻ യൂനിയൻ, സിംഗപ്പൂർ, യു.എസ് എന്നിവിടങ്ങളിൽ സ്വീകരിച്ചിട്ടുള്ളവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര രീതികൾ ഉപയോഗിച്ച് പുതിയ ഭക്ഷ്യോൽപന്നങ്ങൾക്കായി സമഗ്രവും കാര്യക്ഷമവുമായ രജിസ്ട്രേഷൻ സംവിധാനം പുതിയ നിയന്ത്രണ ചട്ടക്കൂട് വഴി സ്ഥാപിക്കും. പുതിയ ചട്ടക്കൂട് ഭക്ഷണ രജിസ്ട്രേഷൻ കാലയളവ് ആറ് മുതൽ ഒമ്പത് മാസം വരെ കുറക്കുകയും, ഭക്ഷ്യ സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ അബൂദബിയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.
പുതിയ ഭക്ഷ്യ ഉൽപന്നങ്ങൾക്കുള്ള രജിസ്ട്രേഷൻ, ഹലാൽ സർട്ടിഫിക്കേഷൻ, ഉൽപാദന, ഇറക്കുമതി പെർമിറ്റുകൾ എന്നിവയുടെ നടപടിക്രമങ്ങൾ ലളിതമാക്കാനും വിപണി പ്രവേശനം വേഗത്തിലാക്കാനും സംരംഭം ലക്ഷ്യമിടുന്നുണ്ട്. അതോടൊപ്പം ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഹലാൽ സർട്ടിഫിക്കേഷൻ സംവിധാനം അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.


