പ്രകൃതിവാതക വിതരണം; ഗുജറാത്ത് എനര്‍ജി ലിമിറ്റഡുമായി കരാറില്‍ ഒപ്പുവച്ച് അഡ്‌നോക്
text_fieldsഅബൂദബി: ഇന്ത്യയിലെ ഗുജറാത്ത് എനര്‍ജി ലിമിറ്റഡുമായി പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ ദ്രവീകരിച്ച പ്രകൃതിവാതകം (എല്‍.എന്‍.ജി) വിതരണം ചെയ്യാന്‍ അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചു. 10 വര്‍ഷത്തെ കാലാവധിയുള്ള കരാര്‍ പ്രകാരം 2028 മുതലാണ് ഇന്ത്യയിലേക്ക് എല്‍.എന്‍.ജി വിതരണം ആരംഭിക്കുന്നത്. അഡ്നോകിന്‍റെ ആഗോള ഇന്‍വെസ്റ്റ്മെന്‍റ് വിഭാഗമായ 'എക്‌സ്.ആര്‍.ജി' വഴി അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള വാതകം ഒരു ഉപഭോക്താവിന് വില്‍ക്കുന്ന ആദ്യത്തെ കരാറാണിത്.
ഇന്ത്യന്‍ വിപണിയില്‍ അഡ്നോക് ഒപ്പുവെക്കുന്ന അഞ്ചാമത് എല്‍.എന്‍.ജി വിതരണ കരാറാണിത്. ഗള്‍ഫിന് പുറത്ത് ഉല്‍പ്പാദിപ്പിക്കുന്ന എക്‌സ്.ആര്‍.ജിയുടെ ആഗോള പോര്‍ട്ട്‌ഫോളിയോയില്‍ നിന്നുള്ള വാതകമാണ് അഡ്നോകിന്റെ അന്താരാഷ്ട്ര എല്‍.എന്‍.ജി ട്രേഡിങ് പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുന്നത്. ഗുജറാത്ത് എനര്‍ജിയുമായുള്ള പുതിയ കരാറിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കളുമായുള്ള അഡ്നോകിന്റെ ഊര്‍ജ്ജ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുമെന്ന് അഡ്നോക് ചീഫ് മാര്‍ക്കറ്റിങ് ആന്‍ഡ് ഒറിജിനേഷന്‍ ഓഫീസര്‍ (എല്‍.എന്‍.ജി) റാശിദ് അല്‍ മസ്‌റൂയി വ്യക്തമാക്കി.
2026 ജൂലൈയില്‍ അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ (എ.ഡി.ജി.എം) പ്രവര്‍ത്തനം ആരംഭിച്ച അഡ്നോകിന്‍റെ എല്‍.എന്‍.ജി മാര്‍ക്കറ്റിങ് ആന്‍ഡ് ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാണിത്. ജപ്പാനിലെ 'ഇന്‍പെക്‌സ്', തായ്ലന്‍ഡിലെ 'ഗള്‍ഫ് ഗ്രൂപ്പ്' എന്നിവക്ക് പുറമേയാണ് ഇപ്പോള്‍ ഇന്ത്യയിലെ ഗുജറാത്ത് എനര്‍ജിയുമായും കരാറിലെത്തിയത്. 2030ന് ശേഷം പ്രതിവര്‍ഷം 47 ദശലക്ഷം ടണ്‍ എല്‍.എന്‍.ജി വിപണിയിലെത്തിക്കാനും ലോകത്തിലെ മുന്‍നിര എല്‍.എന്‍.ജി വിതരണക്കാരില്‍ ഒന്നായി മാറാനുമാണ് അഡ്നോക് ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ സംയോജിത ഗ്യാസ്-എല്‍.എന്‍.ജി ബിസിനസിലേക്ക് വളരുന്ന എക്‌സ്.ആര്‍.ജിക്കും ഈ കരാര്‍ നിര്‍ണായകമാണ്.
ആറ് സംസ്ഥാനങ്ങളിലായി 44 ജില്ലകളില്‍ സിറ്റി ഗ്യാസ് ശൃംഖലയുള്ള ഗുജറാത്ത് എനര്‍ജിക്ക് എല്‍.എന്‍.ജി സ്വീകരിക്കാനുള്ള മികച്ച റീ ഗ്യാസിഫിക്കേഷന്‍ അടിസ്ഥാന സൗകര്യങ്ങളും ശക്തമായ ട്രേഡിങ് ബിസിനസും നിലവിലുണ്ട്. കൂടുതല്‍ മികച്ച ഊര്‍ജ്ജ സ്രോതസ്സുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തില്‍ പ്രകൃതിവാതകത്തിന് വലിയ പങ്കുണ്ടെന്ന് ഗുജറാത്ത് എനര്‍ജി മാനേജിങ് ഡയറക്ടര്‍ അവന്തിക സിങ് ഔലാഖ് പറഞ്ഞു.


