മുഖ്യമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി അൽഐൻ നിവാസികൾ
text_fieldsഅൽഐൻ: നവംബർ ഒമ്പതിന് അബൂദബിയിൽ നടക്കുന്ന മലയാളോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇന്ത്യൻ സോഷ്യൽ സെൻട്രൽ അൽഐൻ സംഘാടകർ അറിയിച്ചു.
കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് ഞായറാഴ്ച അബൂദബി സിറ്റി ഗോൾഫ് ക്ലബ് മൈതാനത്തിലാണ് പരിപാടി. യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ മുഖ്യാതിഥിയാകും. സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ജയതിലക്, എം.എ. യൂസുഫലി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വൈകീട്ട് ആറു മുതൽ തുടങ്ങുന്ന പരിപാടിയിൽ കേരളത്തനിമയും അറബ് സംസ്കൃതിയും സമന്വയിപ്പിക്കുന്ന നിരവധി കലാപരിപാടികളും അരങ്ങേറും. പങ്കെടുക്കുന്നവർക്ക് അൽഐനിൽനിന്ന് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
യോഗത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ ഇ.കെ. സലാം, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, സെക്രട്ടറി സന്തോഷ്, ഉപദേശ സമിതി അംഗങ്ങളായ വർഗീസ് പനക്കൽ, അബൂബക്കർ, ലോക കേരളസഭാംഗം ജിമ്മി, മണികണ്ഠൻ, മലയാളം മിഷൻ വൈസ് ചെയർമാൻ സുരേഷ് എന്നിവർ പങ്കെടുത്തു. അൽഐനിലെ 16ഓളം സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.


