റെക്കോഡ് പങ്കാളിത്തത്തോടെ അൽ ദൈദ് ഈത്തപ്പഴ മേളക്ക് സമാപനം
text_fieldsഅൽ ദൈദ് ഈത്തപ്പഴ മേള സന്ദർശിക്കുന്നവർ
ഷാർജ: മുൻനിര ഈത്തപ്പഴ ഉൽപാദകരുടെയും കർഷകരുടെയും റെക്കോഡ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ 9ാമത് അൽ ദൈദ് ഈത്തപ്പഴ മേളക്ക് സമാപനം. എക്സ്പോ അൽദൈദിൽ ഷാർജ ചേംബർ ഓഫ്കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഒരുക്കിയ മേള ഞായറാഴ്ചയാണ് സമാപിച്ചത്. ഈ വർഷം 15ലധികം കാർഷിക കമ്പനികൾ ഏറ്റവും പുതിയ സുസ്ഥിര കാർഷിക സാങ്കേതികവിദ്യകൾ മേളയിൽ പ്രദർശിപ്പിച്ചു. കൃഷി മെച്ചപ്പെടുത്തുന്നതിനും വിളവ് ഗുണനിലവാരം വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നൂതന മാർഗങ്ങളാണ് പ്രദർശനത്തിൽ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരാഗത കാർഷിക രീതികളുടെ സംരക്ഷണത്തോടൊപ്പം, ഭാവി ലക്ഷ്യമിട്ട് നടപ്പിലാക്കിയ സംരംഭങ്ങളുടെ വിജയാനുഭവങ്ങൾ വിവിധ പങ്കാളികൾ മേളയിൽ പങ്കുവെച്ചു.
കർഷകർക്കിടയിൽ സാങ്കേതിക കൈമാറ്റത്തിനുള്ള വേദി എന്ന നിലയിൽ മേളയുടെ പങ്കിനെ ഈ വർഷത്തെ ശക്തമായ പങ്കാളിത്തം അടിവരയിടുന്നുവെന്ന് ഷാർജ ചേംബർ കോർപറേറ്റ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടറും അൽ ദൈദ് ഈത്തപ്പഴ മേളയുടെ മീഡിയ കമ്മിറ്റി മേധാവിയുമായ ജമാൽ സഈദ് ബൂസിഞ്ചാൽ പറഞ്ഞു.