അജ്മാനിലെ അൽ ഹിജ്ൻ സ്ട്രീറ്റ് വികസനം തുടങ്ങി
text_fieldsഅൽ ഹിജ്ൻ സ്ട്രീറ്റ്
അജ്മാന്: എമിറേറ്റിലെ അൽ തല്ല പ്രദേശത്ത് 2.5 കിലോമീറ്റർ വിസ്തൃതിയിൽ അൽ ഹിജ്ൻ സ്ട്രീറ്റ് വികസന പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പാണ് ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. സംയോജിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനം നിർമിക്കുന്നതിനുള്ള അജ്മാൻ വിഷന് 2030ന്റെ ഭാഗമായി റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സംയോജിത വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി.
നിരവധി സ്കൂളുകൾ ഉൾപ്പെടുന്നതിനാൽ 24 മണിക്കൂറും നിരന്തരമായ ഗതാഗതമുള്ള സുപ്രധാന മേഖലയിലാണ് അൽ ഹിജ്ൻ സ്ട്രീറ്റ്. ഇത് മുന്കൂട്ടി കണ്ടാണ് പദ്ധതി ദ്രുതഗതിയിൽ നടപ്പിലാക്കുന്നതെന്ന് വകുപ്പിലെ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ എൻജി. മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരി പ്രതികരിച്ചു.
ഓരോ ദിശയിലേക്കും മൂന്ന് പാതകൾ ഉൾപ്പെടുത്തി റോഡ് വീതി കൂട്ടുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് റോഡിന്റെ ശേഷി വർധിപ്പിക്കുന്നതിനും ആവശ്യമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പവും സുരക്ഷിതവുമായ പ്രവേശനം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ട്രാഫിക് ലൈറ്റ് ഇന്റർസെക്ഷനുകൾ, സർവീസ് റോഡ്, മഴവെള്ള ഡ്രെയിനേജ് ശൃംഖല, ലൈറ്റിങ് തൂണുകൾ, അധിക പാർക്കിങ് സ്ഥലങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുമെന്ന് ഡോ. മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. എമിറേറ്റിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് വ്യക്തവും സംയോജിതവും സമഗ്രവുമായ പദ്ധതികൾ വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിന് സേവനം നൽകുന്നതും ടൂറിസം, നിക്ഷേപം, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല സ്വാധീനം ചെലുത്തുന്നതുമായ വികസന പദ്ധതികൾ എമിറേറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്.


