നൂറ്റാണ്ടുകളുടെ വീരകഥകളുമായി അല്‍ ഹിസ്ന്‍ കോട്ട
text_fieldsഅറബ് സംസ്കൃതിയുടെ തലസ്ഥാനമായ ഷാര്‍ജയുടെ ഹൃദയമാണ് ഹാർട്ട് ഓഫ് ഷാര്‍ജ എന്നറിയപ്പെടുന്ന റോള പട്ടണം. കലകളുടെ മര്മ്മരം കേള്‍ക്കാതെ ഇതിലൂടെ നടക്കാനാവില്ല. റോള എന്നാല്‍ പേരാല്‍ എന്നാണ് മലയാളം. കാറ്റ് പിടിച്ച ഇലച്ചാര്‍ത്തുകളില്‍ നിന്ന് കവിതകള്‍ തുളുമ്പി വീഴുന്ന രീതിയില്‍ ആവിഷ്ക്കരിച്ച റോള പാര്‍ക്കിലെ ആല്‍മര ചന്തം ചേതോഹരമാണ്. റോളയില്‍ നിന്ന് ഖാലിദ് തുറമുഖത്തേക്ക് നടക്കാനുള്ള ദുരമേയുള്ളു. ഈ ദൂരത്തിന് മധ്യത്തിലാണ് ചരിത്ര പ്രസിദ്ധമായ അല്‍ ഹിസ്ന്‍ കോട്ട സ്ഥിതി ചെയ്യുന്നത്. പൗരാണിക ഷാര്‍ജയുടെ ഭരണ സിരാകേന്ദ്രമായിരുന്നു ഇരുനിലകളുള്ള കോട്ട. ഷാര്ഖിയന് നിര്‍മാണ കലയുടെ ചാരുത കോട്ടയുടെ ചുവരുകളില്‍ നിന്ന് വായിച്ചെടുക്കാം.
1820 ല്‍ അന്നത്തെ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി ആണ് കോട്ട പണിതത്. കല്ലും കുമ്മായവും ഈന്തപ്പന തടികളും കൊണ്ടാണ് ചുവരുകള്‍ ബലപ്പെടുത്തിയിരുന്നത്. ഗാഫ് തടികള്‍ കൊണ്ട് മച്ചുകള്‍ തീര്‍ത്തു. ഈന്തപ്പനയോലകളും കുമ്മായവും ചേര്‍ത്തായിരുന്നു മേല്‍ക്കൂര. തറയില്‍ കടലില്‍ തിരകള്ക്കിടയില് കിടന്ന് ശില്പങ്ങളായ വെള്ളാരം കല്ലുകളും പവിഴ പുറ്റുകളും അലങ്കാരങ്ങള്‍ തീര്‍ത്തിരുന്നു.
1970 ജനുവരിയിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്. പഴമക്ക് തെല്ലും പോറലേല്‍പ്പിക്കാതെയും ചരിത്രത്തിെൻറ കാലടിപ്പാടുകള്‍ മായ്ക്കാതെയുമായിരുന്നു നവീകരണം. കോട്ടയുടെ പഴമ നിലനിറുത്താന്‍ ചുറ്റുഭാഗത്തും പുതുമയോടെ നിന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയായിരുന്നു. ചരിത്രങ്ങള്‍ തച്ചുടച്ച് പുതിയ വാര്‍പ്പ് മാതൃകകള്‍ സൃഷ്ടിക്കുന്ന ആധുനിക ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ട് ഷാര്‍ജയുടെ ഈ നിര്‍മിതിയില്‍ നിന്ന്.
വാഹനങ്ങള്‍ ഇരമ്പി പായുന്ന ഈ നഗരം പണ്ട് ആല്മരങ്ങളും ഈന്തപ്പനകളും നിറഞ്ഞതായിരുന്നുവെന്ന് ട്രൂഷ്യല്‍ കാലഘട്ടത്തിലെ ബ്രിട്ടീഷ് രേഖകളില്‍നിന്ന് വായിച്ചെടുക്കാം. കച്ചവട സംഘങ്ങള്‍ മരത്തണലുകളില് തമ്പടിക്കുകയും കടലോരത്തെ ചന്തയില്‍ കൊണ്ട് പോയി ഉൽപന്നങ്ങള് വിറ്റഴിക്കുകയും ചെയ്തിരുന്നു. കോട്ട മുറ്റത്ത് പണ്ട് സ്ഥാപിച്ചിരുന്ന പിരങ്കികളുടെ തനത് മാതൃകകള്‍ ഇവിടെ കാണാം. തകര്‍ന്ന് പോകുമായിരുന്ന ഈ ചരിത്ര വിസ്മയത്തെ പുതുതലമുറക്കായി കാത്ത് വെച്ചത് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ്.
കോട്ടയുടെ മുകള്‍ നിലയില്‍ നിന്ന് നോക്കിയാല്‍ അറബി കടലിെൻറ നീലിമയിലൂടെ നീങ്ങുന്ന കപ്പലുകള്‍ വ്യക്തമായി കാണാം. ശത്രുക്കളുടെ നീക്കങ്ങള്‍ വീക്ഷിച്ചിരുന്ന നിരീക്ഷണ ഗോപുരമായ അല്‍ ബുര്‍ജിന് കാര്യമായ നവീകരണങ്ങള്‍ നടത്തിയിട്ടില്ല. കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഈ ഗോപുരത്തില്‍ നിന്നാണ് ഹാര്‍ട് ഓഫ് ഷാര്‍ജ ആരംഭിക്കുന്നത്.
അല്‍ മരീജ ചത്വരം വരെ അത് ചെന്നെത്തുന്നു. മരുകപ്പലുകള് തളരാതെ പാഞ്ഞ വീഥികള്‍ക്ക് മുകളിലൂടെ അല്‍ അറൂബ റോഡ് കടന്ന് പോകുന്നു. കോട്ടയുടെ മച്ചിലിരുന്ന് പ്രാവുകള്‍ പൗരാണികതയെ കുറുകി ഉണര്‍ത്തുന്നതായി തോന്നും. കോട്ടയുടെ ചുവരുകളില്‍ കാത് ചേര്‍ത്ത് വെച്ചാല്‍ ഉയിരുമറന്ന് നാട് കാത്ത യോദ്ധാക്കളുടെ വീര ഇതിഹാസം ചിറകടിച്ചെത്തും.
കോട്ടയില്‍ എത്തുന്നവര്‍ക്ക് മുകള്‍ നിലയിലേക്ക് കയറാന്‍ ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമ്മമാരുടെ മുറി, പ്രാര്‍ഥന മുറി, ഗിഫ്റ്റ് കട, ഓഡിയോ ഗൈഡ്, പാര്‍ക്കിങ്, വീല്‍ചെയര്‍, സന്ദര്‍ശക മുറി, ശുചി മുറി തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.