അൽനഹ്ദ തീപിടിത്തം വൈദ്യുത തകരാറ് മൂലമെന്ന് അധികൃതർ
text_fieldsഷാർജ: കഴിഞ്ഞ ഞായറാഴ്ച അൽ നഹ്ദയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം വൈദ്യുത തകരാറും ട്രാൻസ്ഫോർമർ ഓവർലോഡും മൂലമാണെന്ന് വെളിപ്പെടുത്തി ഷാർജ സിവിൽ ഡിഫൻസ്. 52 നില കെട്ടിടത്തിന്റെ മുകളിലെ നിലകളിലൊന്നിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ട്രാൻസ്ഫോർമറിലെ മെറ്റാലിക്, ഇലക്ട്രിക്കൽ സർക്യൂട്ടുകളുടെ താപനില ഓവർലോഡ് മൂലം വർധിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രി. ജനറൽ സാമി അൽ നഖ്ബി പറഞ്ഞു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കെട്ടിടത്തിന്റെ എല്ലാ ലൈസൻസുകളും അനുമതികളും പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം അറിയിച്ചു.
ടവർ മാനേജ്മെന്റിന്റെ അശ്രദ്ധയുണ്ടായതായി തെളിയിക്കപ്പെട്ടാൽ നിയമപരമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തീ പ്രതിരോധിക്കുന്നതല്ലാത്ത അലുമിനിയം ക്ലാഡിങ് നീക്കം ചെയ്യാനുള്ള സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശങ്ങൾ തീ വ്യാപിക്കുന്നത് പരിമിതപ്പെടുത്താൻ സഹായിച്ചെന്നും അൽ നഖ്ബി അഭിപ്രായപ്പെട്ടു.
ഇത്തരം സംഭവങ്ങൾ തടയുന്നതിന് ഇടവിട്ട സമയങ്ങളിൽ വൈദ്യുത വയറിങ് പരിശോധന നടത്തണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന നിർമാണ സാമഗ്രികൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.