Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആന്ദ്രേ പിർലോയുടെ...

ആന്ദ്രേ പിർലോയുടെ ശിക്ഷണം: അയൺമാനായി അയാൻ

text_fields
bookmark_border
ആന്ദ്രേ പിർലോയുടെ ശിക്ഷണം: അയൺമാനായി അയാൻ
cancel
camera_alt

ആന്ദ്രേ പിർലോക്കൊപ്പം അയാൻ ഷബീർ യൂസഫ്

ദുബൈ: ലോക ഫുട്ബാൾ ഇതിഹാസം ആന്ദ്രേ പിർലോയുടെ ശിക്ഷണത്തിൽ യു.എ.ഇയുടെ പ്രഫഷണൽ മൈതാനങ്ങളിൽ വിജയഗാഥ രചിച്ച്​ മലയാളി യുവാവ്. ഇറ്റാലിയൻ മാന്ത്രികന്‍റെ തന്ത്രങ്ങൾക്കൊപ്പം ‘യുനൈറ്റഡ് എഫ്‌.സി’യുടെ പ്രതിരോധക്കോട്ട കാക്കുന്ന 21കാരനായ അയാൻ ഷബീർ യൂസഫ് യു.എ.ഇ പ്രഫഷനൽ ലീഗിൽ കളിക്കുന്ന ചുരുക്കം ചില ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്. തൃശ്ശൂർ കൊടുങ്ങല്ലൂർ മതിലകം സ്വദേശി പരേതനായ പാമ്പിനിഴത്ത് ഷബീർ യൂസഫിന്‍റെയും കോഴിക്കോട് മാങ്കാവ് ദിൽഷാനയുടെയും രണ്ടാമത്തെ മകനാണ് അയാൻ.

ദുബൈയിൽ ജനിച്ച് വളർന്ന അയാന്‍റെ ഫുട്ബാൾ കമ്പം തുടങ്ങുന്നത് പിതാവ് ഷബീർ യൂസഫിൽ നിന്നാണ്. അയാന്‍റെ പഠന കാലത്ത് ഫുട്ബാൾ താരമായിരുന്ന പിതാവിന്‍റെ ആഗ്രഹമായിരുന്നു മകനെ ഒരു മികച്ച കളിക്കാരനാക്കണമെന്നത്. 17ാം വയസിൽ പിതാവ് മരിച്ചത് അയാനെ തളർത്തിയെങ്കിലും ആ വേർപാട് നൽകിയ കരുത്തുമായാണ് പ്രഫഷണൽ ഫുട്ബാളിലേക്ക് ചുവടുവെച്ചത്. ഓരോ മത്സരത്തിനും മൈതാനത്തിറങ്ങുമ്പോൾ പിതാവിന്‍റെ സ്വപ്നത്തോടുള്ള പ്രതിബദ്ധതയാണ് മനസ്സിൽ ലക്ഷ്യമെന്ന് അയാൻ പറയുന്നു. യു.എ.ഇയിലെ പ്രമുഖരായ അൽ നാസർ ക്ലബ്ബിലായിരുന്നു തുടക്കം. പിന്നീട് ഷബാബ് അൽ അഹ്‌ലി, അൽ വസൽ, ഗൾഫ് യുനൈറ്റഡ് എന്നീ ക്ലബ്ബുകളിലൂടെ വളർന്നുവന്ന് ഇപ്പോൾ യുനൈറ്റഡ് എഫ്‌.സിയിൽ എത്തിനിൽക്കുന്നു.

യു.എ.ഇയിലെ ഫുട്ബാൾ ലീഗ് ഘടനയുടെ താഴെത്തട്ടിൽ നിന്ന് പൊരുതി നേടിയാണ് ഒന്നാം ഡിവിഷനിലേക്ക് ഉയർന്നുവന്നത്.

രാജ്യത്തെ ഏറ്റവും ഉയർന്ന ഫുട്ബാൾ വേദിയായ യു.എ.ഇ പ്രൊ ലീഗിന് തൊട്ടുതാഴെയുള്ള ഒന്നാം ഡിവിഷനിൽ നിലവിൽ യുനൈറ്റഡ് എഫ്‌.സിക്ക് വേണ്ടിയാണ് താരം ബൂട്ട്​ കെട്ടുന്നത്​. ഒരു ടീമിൽ നാല് വിദേശ താരങ്ങൾക്ക് മാത്രമേ കളിക്കാൻ അനുമതിയുള്ളൂ എന്നതിനാൽ, ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ തന്‍റെ സ്ഥാനം ഉറപ്പിക്കാൻ കഠിനമായി പരിശ്രമിക്കേണ്ടി വന്നുവെന്ന് അയാൻ സമ്മതിക്കുന്നു. മിക്ക ദക്ഷിണേഷ്യൻ കുട്ടികളും യൂറോപ്പിലെയോ പ്രീമിയർ ലീഗിലെയോ ക്ലബ്ബുകളെ സ്വപ്നം കാണുമ്പോൾ, യു.എ.ഇ ലീഗുകളിലും മികച്ച കരിയർ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് പുതിയ തലമുറക്ക് കാണിച്ചുകൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അയാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

ലോക ഫുട്ബാൾ കണ്ട മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായ ആന്ദ്രേ പിർലോയുടെ കീഴിൽ പരിശീലനം നേടാൻ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നു. അദ്ദേഹത്തെ പോലൊരു ഇതിഹാസത്തിൽ നിന്ന് കാര്യങ്ങൾ പഠിക്കുക എന്നത് ഏതൊരു ഫുട്ബാൾ താരത്തിന്‍റെയും സ്വപ്നമാണ്. ദുബൈ മണ്ണിൽ പന്തു തട്ടി വളർന്ന അയാന് അറബി ഭാഷ അനായാസം വഴങ്ങും.

അതുകൊണ്ട് തന്നെ യുഎഇയിലെ ഫുട്ബാൾ സംസ്കാരവുമായി പൂർണമായും ഇഴുകിച്ചേരാനും കഴിഞ്ഞു. നിലവിൽ ഒന്നാം ഡിവിഷനിൽ ഒന്നാം സ്ഥാനത്തുള്ള യുനൈറ്റഡ് എഫ്‌.സി പ്രൊ ലീഗിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. യു.എ.ഇ പ്രൊ ലീഗ് കിരീടം നേടുക, യു.എ.ഇ ദേശീയ ടീമിന്‍റെ ജേഴ്സി അണിഞ്ഞ്​ ടീമിന് വേണ്ടി കളിക്കുക എന്നിവയാണ് അയാന്‍റെ വലിയ ലക്ഷ്യങ്ങൾ. അയാന്‍റെ ഈ ശ്രമം ഇന്ത്യൻ ഫുട്ബാളിനും അഭിമാനകരമായിരിക്കും.

Show Full Article
TAGS:gulfnewsmalayalam gulfnews UAE 
News Summary - Andrea Pirlo's Discipline: Ayan as Ironman
Next Story