തട്ടിപ്പിന്റെ രൂപവും ഭാവവും മാറുമ്പോള്‍; പണം നഷ്ടപ്പെടുന്നവരും ഏറെ
text_fieldsഅജ്മാന്: നമുക്ക് ചുറ്റും തട്ടിപ്പുകള്‍ പലതാണ്. പ്രതീക്ഷിക്കാതെയാണ് തട്ടിപ്പുകള്‍ നമ്മെ പല രീതികളില്‍ തേടിയെത്തുന്നത്. നമ്മള് ചിന്തിക്കുന്നതിന് മുമ്പേതന്നെ തട്ടിപ്പുകാര്‍ നമ്മുടെ വിലപ്പെട്ട സമ്പത്ത് കൈക്കലാക്കി കഴിഞ്ഞിരിക്കും. പിന്നീട് ഖേദിച്ചിട്ട് കാര്യമുണ്ടാകില്ല. ആവശ്യക്കാരനെ കണ്ടെത്തി അവരുടെ മനശ്ശാസ്ത്രം മനസ്സിലാക്കി നടത്തുന്ന തട്ടിപ്പാണ് ലൈവ് തട്ടിപ്പ്.
പലയിടങ്ങളിലായി അരങ്ങേറുന്ന ഇത്തരം തട്ടിപ്പുകള്‍ ഈ ഗണത്തില്‍ ആദ്യത്തേതോ അവസാനത്തേതോ അല്ല. ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിരവധി തവണ ആളുകളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും പിന്നെയും നിരവധിയാളുകള്‍ ഇവരുടെ വലയില്‍ ദിനംപ്രതി വീണുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അജ്മാനിലെ മുസല്ല സൂക്കില്നിന്നും വസ്ത്രം വാങ്ങി പുറത്തിറങ്ങുകയായിരുന്നു തൃശൂര്‍ സ്വദേശിയായ ഒരു വ്യക്തി. സൂക്കിന് താഴെയെത്തിയ ഇദ്ദേഹത്തെ ഒരു അപരിചിതന് സമീപിക്കുകയായിരുന്നു. താങ്കളുടെ കണ്ണിനുചുറ്റും ബുദ്ധിമുട്ട് ഉണ്ടല്ലേ എന്ന് ചോദിച്ചാണ് ഈ ഹിന്ദിക്കാരന് ഇദ്ദേഹത്തെ സമീപിച്ചത്. ശ്രദ്ധിച്ചില്ലെങ്കില്‍ മുടി വല്ലാതെ നരക്കുമെന്നും.
മരുന്ന് കഴിക്കണമെന്നും നിര്‍ദേശിച്ചു. ഈ വിവരം പകര്‍ന്നു നല്‍കിയതിന് തനിക്ക് വേണ്ടി പ്രാര്‍ഥിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ച് വിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ആഗതന്. നിര്‍ദേശിച്ച മരുന്ന് എവിടെ കിട്ടുമെന്ന് ചോദിച്ചപ്പോള്‍ ദൂരെ ഒരു കട കാണിച്ചു കൊടുത്തു. തുടര്‍ന്ന് കൂടെ ചെന്നാല്‍ വാങ്ങിത്തരാം എന്ന സഹായ വാഗ്ദാനവും ഇദ്ദേഹം നല്കി.
തട്ടിപ്പാണെന്ന് എന്തോ ഭാഗ്യത്തിന് തിരിച്ചറിഞ്ഞ മലയാളി നീ ആളെ കളിപ്പിക്കുകയാണോ, ഈ വിവരം മാധ്യമങ്ങളെ അറിയിക്കും എന്ന് പറഞ്ഞതോടെ തടിമിടുക്കനായ ഹിന്ദിക്കാരന് ഉടൻ ഭീഷണിയുടെ സ്വരം പുറത്തെടുത്തു. ഇതോടെ അവിടെനിന്നും രക്ഷപ്പെട്ട മലയാളി ഏറ്റവും അടുത്തുള്ള സുഹൃത്തുക്കളെയും കൂട്ടി തിരിച്ചു വന്നു.
ഈ സമയം ഹിന്ദിക്കാരന് അടുത്ത ഇരയെ വലയിലാക്കി കൊണ്ട് നടക്കുന്നു. ഇതോടെ ബഹളം വെച്ച് പൊലീസിനെ വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ഭീഷണിയും പിന്നെ ഒതുങ്ങുകയുമായിരുന്നു. ഒരു മരുന്നും നല്‍കാതെ പുതിയ ഇരയുടെ കൈയ്യില്‍നിന്നും ഇതിനകം ഇവര്‍ പണം കൈക്കലാക്കിയിരുന്നു. ഇതോടെ ഇയാൾ ബഹളം വെക്കുകയും പൊലീസിനെ വിളിക്കും എന്ന് പറഞ്ഞതോടെ പണം ഇവര്‍ തിരികെ നല്കി. അപ്പോഴാണ് ഒരാഴ്ച മുമ്പ് ഇതുപോലെ പറ്റിക്കപ്പെട്ട ഒരു മലയാളി അതുവഴി വന്നത്.
വയര്‍ കുറക്കാനെന്നു പറഞ്ഞു എന്തൊക്കെയോ മരുന്നുകള്‍ ഇയാളെയും പിടിപ്പിച്ചിരുന്നത്രേ ഇവര്‍. ഈ മരുന്ന് തട്ടിപ്പും ബഹളങ്ങളും ഇവിടെ സ്ഥിരമാണെന്നാണ് അടുത്ത കടക്കാര് പറയുന്നത്. മറ്റൊരു മലയാളിയെ മരുന്ന് വാങ്ങിപ്പിച്ച് ബില്‍ തുക 500 ദിര്‍ഹം ആയപ്പോള്‍ ഇദ്ദേഹത്തിന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നില്ല. കാര്‍ഡാണ് ഉള്ളത് എന്നറിഞ്ഞപ്പോള്‍ തട്ടിപ്പുകാരന് അടുത്തുള്ള കടയില്‍ കാര്‍ഡ് വലിക്കാന്‍ ഇദ്ദേഹത്തെ കൊണ്ടുപോയി.
തട്ടിപ്പിന്റെ രൂപം മനസ്സിലായ മലയാളിയായ കടക്കാരന് കാര്‍ഡില്‍ പണം ഇല്ലെന്ന് പറഞ്ഞ് ഇരയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇതൊന്നും തിരിച്ചറിയാതെ മറ്റൊരു സുഹൃത്തിനെ വിളിച്ച് ഇദ്ദേഹത്തിന്റെ കാര്‍ഡില്‍ പണം ഇടീപ്പിച്ച് മരുന്നും വാങ്ങിപ്പോവുകയായിരുന്നു ആ മലയാളി. പ്രദേശത്തെ പച്ചമരുന്നുകള്‍ ലഭിക്കുന്ന ഹെര്‍ബല്‍ കട കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്.
വലിയൊരു ടീം തന്നെ ഇതിന് പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുടി നരച്ചവരെയും അത്യാവശ്യം വയര്‍ ഉള്ളവരെയും നിറം കുറഞ്ഞവരെയും എന്ന് വേണ്ട ആരെയും പറ്റിക്കാന്‍ കെല്‍പ്പുള്ളവരാണ് ഈ തട്ടിപ്പിന്റെ പിറകില്‍. പറ്റിക്കപ്പെടുന്നവര്‍ പൊലീസിനോടോ മറ്റു അധികൃതരോടോ പരാതിപ്പെടാന്‍ പോകാറില്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ ആനുകൂല്യം.


