പൊതുസ്ഥലത്ത് കുട്ടിക്ക് ആക്രമണം; പ്രതിക്ക് ഒരു ലക്ഷം ദിര്‍ഹം പിഴ
text_fieldsഅബൂദബി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പൊതുമധ്യത്തില്‍ അസഭ്യം പറഞ്ഞതിനും ശാരീരികമായി ആക്രമിച്ചതിനും യുവാവിന് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തി അബൂദബി സിവില്‍ ഫാമിലി കോടതി. പ്രതി കുട്ടിയെ അവഹേളിക്കുകയും അടിക്കുകയും കുട്ടിക്കു നേരെ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
പ്രതിയുടെ നടപടിയിൽ കുട്ടിക്ക് പരിക്കേല്‍ക്കുകയും മാനസികമായി പ്രയാസം നേരിടുകയും ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. നിരവധി പേര് നോക്കി നില്‍ക്കുമ്പോഴായിരുന്നു പ്രതി കുട്ടിയെ ആക്രമിച്ചതെന്നും ഇതു കുട്ടിയെ കൂടുതല്‍ വിഷമത്തിലാക്കിയെന്നും വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. തങ്ങളുടെ കോടതിച്ചെലവുകള്‍ പ്രതിയില്‍നിന്ന് ഈടാക്കി നല്‍കണമെന്നും കുട്ടിയുടെ പിതാവ് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് ഒരുലക്ഷം ദിര്‍ഹം പിഴ ചുമത്തിയത്.