അതുല്യയുടെ മരണം ആത്മഹത്യ; സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്
text_fieldsഅതുല്യ
ഷാർജ: ഷാർജയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യ (30) യുടേത് ആത്മഹത്യ തന്നെയെന് സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. തൂങ്ങി മരണമാണെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നേരത്തെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് അടക്കമുള്ളവർ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ മാസം 19 നാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾക്ക് ലഭിച്ച ഷാർജ പബ്ലിക് പ്രോസിക്യൂഷന്‍റെ കത്തിലാണ് ഫോറനസിക് റിപ്പോർട്ട് പ്രകാരമുള്ള മരണ കാരണം വ്യക്തമാക്കിയിട്ടുള്ളത്.
ബന്ധുക്കൾ ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി അഖില ഷാർജ പോലീസിന് പരാതി നൽകിയിട്ടുണ്ട്. കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷിന്‍റെ ഉപദ്രവം മൂലമാണ് യുവതി ജീവിതം അവസാനിപ്പിച്ചെതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവം നടന്ന ദിവസം രാത്രി അതുല്യയുമായി സതീഷ് വഴക്കിട്ടിരുന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇയാൾ കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി യു.എ.ഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബൈയിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.