ചരിത്രം നീലാകാശത്തിനപ്പുറം
text_fieldsവിക്ഷേപണത്തിന്റെ വിവധ ഘട്ടങ്ങൾ
മനാമ: ആകാശോപരിതലത്തിൽ നീലാകാശത്തിനപ്പുറം പവിഴദ്വീപിന് സ്വന്തമായൊരിടം കണ്ടെത്തി അൽ മുൻദിർ. നീണ്ട കാത്തിരിപ്പിനും ചങ്കിടിപ്പിനുമൊടുവിൽ, ബഹ്റൈൻ തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹ വിക്ഷേപണം വിജയകരം. രാജ്യത്തെ 15 ലക്ഷം ജനങ്ങൾക്കും അഭിമാന നിമിഷം സമ്മാനിച്ച നിർവൃതിയിൽ നാഷനൽ സ്പേസ് സയൻസ് ഏജൻസിയും (എൻ.എസ്.എസ്.എ). ഇത് ചരിത്രത്താളുകളിലേക്ക് രാജ്യം സമർപ്പിക്കുന്ന വിജയ ഗാഥ. നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചും പിന്നിൽ പ്രവർത്തിച്ചവരെ വാനോളം പ്രശംസിച്ചും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും. ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽ നോട്ടത്തിലായിരുന്നു വിക്ഷേപണം.
അൽ മുൻദിർ വിക്ഷേപണം തത്സമയം വീക്ഷിക്കുന്ന ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ
ഭ്രമണപഥത്തിൽ വിജയകരമായി എത്തിയ ഉപഗ്രഹം ആദ്യ സിഗ്നലും ഭൂമിയിലേക്കയച്ചു. ട്രാൻസ് പോർട്ടർ 13ന്റെ ഭാഗമായ ഉപഗ്രഹം ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9.39ന് കാലിഫോർണിയയിലെ അമേരിക്കൻ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽനിന്നാണ് വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ -9 റോക്കറ്റാണ് അൽ മുൻദിറിനെ വഹിച്ച് ചരിത്രത്തിലേക്ക് കുതിച്ചുയർന്നത്. കഴിഞ്ഞ ബുധനാഴ്ച വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഒരു നാനോ ഉപഗ്രഹമായ അൽ മുൻദിറിന് ഏകദേശം 3.2 കിലോഗ്രാം ഭാരമുണ്ട്. ബഹിരാകാശ പരിതഃസ്ഥിതിയിൽ ഫലപ്രദമായി അതിന്റെ ചുമതലകൾ നിർവഹിക്കാൻ പാകത്തിലുള്ള ഡേറ്റ വിശകലനവും പ്രോസസിങ് കഴിവുകളും കൊണ്ട് സവിശേഷമാണ് അൽ മുൻദിർ.
സ്പേസ് എക്സിന്റെ ഫാൽക്കൺ -9 റോക്കറ്റ്
അൽ മുൻദിറിനെയടക്കം നിരവധി ഉപഗ്രഹങ്ങളെ വഹിച്ച വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽനിന്ന് കുതിച്ചുയർന്നത് സ്പേസ് എക്സിന്റെ ഫാൽക്കൺ -9 റോക്കറ്റാണ്. അനേകം ബഹിരാകാശ പേലോഡുകൾ വഹിക്കാൻ ശേഷിയുള്ള ഫാൽക്കൺ 9 പുനരുപയോഗം ചെയ്യാൻ കഴിയും. സ്പേസ് എക്സിന്റെ ട്രാൻസ്പോർട്ടർ 13 ദൗത്യത്തിലെ റോക്കറ്റാണ് ഫാൽക്കൺ -9. ചെറിയ ഉപഗ്രഹങ്ങൾ നിർമിക്കുന്ന വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കുറഞ്ഞ ചെലവിൽ തങ്ങളുടെ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാൻ സഹായിക്കുന്ന ഒരു പദ്ധതിയാണ് ട്രാൻസ്പോർട്ടർ ദൗത്യം.
ടേക്ക് ഓഫിൽ തുടങ്ങി മൂന്ന് ഘട്ടങ്ങളാണ് വിക്ഷേപണത്തിനുണ്ടായിരുന്നത്. കുതിച്ചുയർന്ന ശേഷം ഉപഗ്രഹം റോക്കറ്റിൽനിന്ന് വിജയകരമായി വേർപെട്ട് സമുദ്രനിരപ്പിൽനിന്ന് 550 കിലോമീറ്റർ ഉയരത്തിലുള്ള സൂര്യ-സമന്വയ ഭ്രമണപഥത്തിലേക്കെത്തും.
വിശകലനത്തിന് അത്യാധുനിക സൗകര്യങ്ങളോടെ
രാജ്യത്തെ കാലാസ്ഥ, പരിസ്ഥിതി, കര, കടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഡേറ്റകളും വിശകലനം ചെയ്യാൻ നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ഉപഗ്രഹം നിർമിച്ചത്. മീഡിയം റെസലൂഷൻ സ്പേസ് കാമറ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഇമേജ് പ്രൊസസിങ്, സൈബർ സുരക്ഷ മൊഡ്യൂൾ, ബഹ്റൈന്റെ ദേശീയഗാനവും ഹമദ് രാജാവിന്റെ സന്ദേശവും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ട്രാൻസ്മിഷൻ പേലോഡ് എന്നിവയുൾപ്പെടെ പ്രാദേശികമായി വികസിപ്പിച്ചെടുത്ത നാല് പേലോഡുകളും മുൻദിറിൽ ഉൾപ്പെടുന്നു.
ചിത്രങ്ങൾ പകർത്താൻ റസലൂഷൻ കാമറകൾ ഉപഗ്രഹത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വായുവിന്റെ ഗുണനിലവാരം, അന്തരീക്ഷത്തിലെ എണ്ണ ചോർച്ച, മേഘങ്ങളുടെ ചലനം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ അൽ മുൻദിർ ശേഖരിക്കും. ഇത് കാലാവസ്ഥ നിർണയത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വരാനിരിക്കുന്ന ബഹ്റൈന്റെ ബഹിരാകാശ പരീക്ഷണങ്ങൾക്കും പ്രധാന ഹേതുവാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നേരിട്ട് ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവാണ് അൽമുൻദിറിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. നാനോ ഉപഗ്രഹങ്ങളിൽ ഈ സാങ്കേതികവിദ്യ പ്രയോഗിക്കുന്ന മേഖലയിലെ ആദ്യത്തെ ഉപഗ്രഹമാണിത്.
പൂർണ പ്രവർത്തനങ്ങൾക്ക് കാത്തിരിക്കണം
ഭ്രമണപഥത്തിലെത്തുന്നതോടെ ഉപഗ്രഹത്തിന്റെ എല്ലാ സിസ്റ്റങ്ങളും പ്രവർത്തനങ്ങൾക്ക് തയാറാണെന്ന് ഉറപ്പാക്കാൻ സംഘം പരിശോധിക്കും. യഥാർഥ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം. പരീക്ഷണത്തിന് ശേഷം, ഉപഗ്രഹം ആദ്യം പകർത്തുന്ന ഡേറ്റയും ചിത്രങ്ങളും ബഹ്റൈൻ പ്രതിരോധ സേനയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് സജ്ജീകരിച്ച ഗ്രൗണ്ട് സ്റ്റേഷൻ സ്വീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും.
രാജ്യത്തിന്റെ ശാസ്ത്ര വളർച്ചയുടെ തുടക്കം
രാജ്യത്തിന്റെ ശാസ്ത്ര വളർച്ചയുടെ തുടക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ വളർത്തിയെടുക്കുന്നതിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും പരിശ്രമവും അൽ മുൻദിറിന്റെ നേട്ടത്തിലൂടെ പ്രകടമാകുന്നുണ്ട്. അടുത്ത തലമുറക്കുള്ള പ്രചോദകമായും ബഹിരാകാശ പര്യവേക്ഷണത്തിന്റെ പുതുയുഗമായും ഈ വിജയത്തെ അടയാളപ്പെടുത്തുന്നു.