ഓണ്‍ലൈന്‍ രജിസ്ട്രേഷന് തണുത്ത പ്രതികരണം; വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് വിമുഖത
text_fieldsദുബൈ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം നീട്ടിയിട്ടും വിമുഖത കാട്ടി പ്രവാസികൾ. വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ ശുപാര്‍ശ പ്രകാരം ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തോട് പ്രവാസികള്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പ്രവാസി സംഘടനകളുടെ വിലയിരുത്തല്‍. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍വഴി പേര് ചേര്‍ക്കാൻ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സ്വയം രജിസ്റ്റർ ചെയ്യാനും കഴിയും.
യു.എ.ഇയിൽ മലയാളികൾ മാത്രം 30 ലക്ഷത്തോളം പ്രവാസികളായി ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ പകുതിയിലധികം പ്രവാസികളും ഇക്കാര്യം കണ്ടില്ലെന്ന മട്ടാണ്. പുതുക്കിയ തീയതി പ്രകാരം ഈമാസം 12 വരെയാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസരം. സാധാരണയിൽനിന്നും വ്യത്യസ്തമായി ഇത്തവണ പേരു ചേർക്കാനുള്ള നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാണെന്നും ആരോപണമുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി 4എ ഫോറത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അതിന്റെ പ്രിന്റ് എടുത്ത് ഒപ്പുവെച്ച് അനുബന്ധ രേഖകൾ സഹിതം നേരിട്ടോ തപാലിലോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർക്ക് എത്തിക്കണമെന്നാണ് ജൂലൈ 28ലെ കമീഷന്റെ വിജ്ഞാപനത്തിൽ പറയുന്നത്.
എന്നാൽ, വിദേശത്തുള്ളവർക്ക് നേരിട്ട് അപേക്ഷ എത്തിക്കുകയെന്നതും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം തപാലിൽ എത്തിക്കുക എന്നതും അപ്രായോഗികമാണ്. അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സൗകര്യപ്രദമായ മാർഗനിർദേശം പുറപ്പെടുവിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണമെന്നാണ് ആവശ്യം. ജോലി, വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളാലോ മറ്റ് വിധത്തിലോ വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന സംസ്ഥാനത്തിനകത്തെ വോട്ടർമാർക്ക് ഹിയറിങ്ങിന് ഇളവ് നൽകുകയും അപേക്ഷ ഇ-മെയിലായി നൽകുന്നതിന് അവസരം നൽകുകയും ചെയ്യുന്നുണ്ട്. ഇതേ മാതൃകയിൽ പ്രവാസി വോട്ടർമാർക്കും അപേക്ഷ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കാവുന്നതാണ്.
വിഷയത്തിൽ സർക്കാറും പ്രതിപക്ഷ പാർട്ടികളും ഇടപെടണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു. മുൻകാലങ്ങളിൽ ഓൺലൈൻ പേരു ചേർക്കൽ നടപടികൾ ലളിതമായിരുന്നു. ഫോറത്തിൽ പറയുന്ന വിവരങ്ങൾ നൽകി അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്താൽ നടപടി പൂർത്തിയാകും. എന്നാൽ, ഇന്ത്യൻ നമ്പർ ഉപയോഗിച്ച് മാത്രമേ ലോഗിൻ ചെയ്യാൻ പറ്റുകയുള്ളൂവെന്നതും പോർട്ടലിന്റെ സാങ്കേതിക തകരാറും പ്രവാസികളുടെ വിമുഖതക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇക്കാര്യത്തിലുള്ള അറിവില്ലായ്മയും പ്രധാന കാരണമാണ്. രേഖകള്‍ ശേഖരിച്ച് നിര്‍ബന്ധിച്ച് ലിസ്റ്റില്‍ ചേര്‍ക്കുന്ന രീതിയാണ് പല സംഘടനകളും സ്വീകരിച്ചു വരുന്നത്. 2024ലെ കണക്കുപ്രകാരം രജിസ്റ്റർചെയ്ത ആകെ പ്രവാസിവോട്ടർമാരുടെ എണ്ണം വെറും 89,839 ആണ്. അന്തിമ പട്ടിക ഈ മാസം പുറത്തിറക്കിയാലേ നിലവിലെ കണക്കറിയൂ. പേര് ചേര്‍ക്കാനുള്ള അവസരം തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വലിയൊരു ശതമാനം ആളുകളും ലിസ്റ്റിന് പുറത്താണ്. ഓൺലൈനായി പേര് ചേർക്കുന്നതിനുള്ള നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും www.sec.kerala.gov.in ല്‍ ലഭ്യമാണ്.