Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാഹചര്യങ്ങൾ പ്രതികൂലം;...

സാഹചര്യങ്ങൾ പ്രതികൂലം; പ്രവാസി വോട്ടർമാർ ആശങ്കയിൽ

text_fields
bookmark_border
സാഹചര്യങ്ങൾ പ്രതികൂലം; പ്രവാസി വോട്ടർമാർ ആശങ്കയിൽ
cancel

ദുബൈ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാഹചര്യങ്ങൾ പ്രവാസി വോട്ടർമാരിൽ വലിയ ആശങ്കയുണ്ടാക്കുന്നു. ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കാൻ നാട്ടിലെത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് ഗൾഫ് മലയാളികൾ. വിമാനയാത്രാ തടസ്സങ്ങളും സുരക്ഷാ ഭീഷണികളും നിലനിൽക്കുന്ന സാഹചര്യത്തിൽ, ചാർട്ടേർഡ് ‘വോട്ട് വിമാനങ്ങൾ’ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കാനാകുമോ എന്ന്​ സംശയമാണ്​.

ഇത്തവണ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നത് ബന്ധപ്പെട്ടും എസ്.ഐ.ആർ പ്രതിസന്ധികളും ഉൾപ്പെടെ പ്രവാസ ലോകത്ത് തിരഞ്ഞെടുപ്പ് ഒരുക്കം വലിയ ചലനമുണ്ടാക്കിയിരുന്നു. പ്രവാസികളും കുടുംബങ്ങളും ബന്ധുക്കളുമെല്ലാം കൂട്ടത്തോടെ കൂടുതൽ പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി വലിയ അധ്വാനം നടത്തുകയും ചെയ്തു. മാത്രമല്ല പേരുകൾ വെട്ടിപ്പോകുമോയെന്ന ആശങ്കയിൽ ഇതിനെതിരെ പോരാടാൻ ഗൾഫ് മലയാളികൾ ഏറെ ശ്രദ്ധിച്ചിരുന്നു. നാട്ടിൽ പോയി വോട്ട് ചെയ്യണമെന്ന് ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നവർ നിരവധിയാണ്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ സാഹചര്യങ്ങളും വിമാനയാത്ര തടസ്സങ്ങളും പ്രവാസികൾക്ക് ഇരുട്ടടിയായി.

പരിമിതമായ സർവിസുകൾ മാത്രമായതിനാൽ വിമാന ടിക്കറ്റിന്​ ഉയർന്ന നിരക്കാണ്. സാഹചര്യങ്ങൾ മറികടന്ന് നാട്ടിൽ പോയി വോട്ട് ചെയ്ത് തിരിച്ചു വരാൻ ആഗ്രഹിച്ചാലും അമിത നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവില്ല. പെരുന്നാളിന് നാട്ടിൽ പോയാൽ വോട്ടും ചെയ്ത് മടങ്ങാനായിരുന്നു പലരുടെയും ഉദ്ദേശ്യം.

എന്നാൽ പലർക്കും നാട്ടിലെത്താൻ സാധിക്കാത്ത അവസ്ഥയാണ്. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് ടിക്കറ്റ് നേരത്തെ ബുക്ക്‌ ചെയ്ത നിരവധി പേർ യാത്ര ഒഴിവാക്കിയതായി ട്രാവൽ ഏജൻസികളും വ്യക്തമാക്കുന്നു. നിരവധി കുടുംബങ്ങൾ നാട്ടിലേക്കുള്ള വരവ് ഇതിനകം തന്നെ ഒഴിവാക്കി. മാത്രമല്ല, ഈയൊരു സാഹചര്യത്തിൽ നാട്ടിലേക്ക് പോയിക്കഴിഞ്ഞാൽ അവിടെ കുടുങ്ങിപ്പോകുമോയെന്ന ആശങ്കയും ജോലി സംബന്ധമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമോയെന്ന ഭയവും നില നിൽക്കുന്നുണ്ട്.സാധാരണ ഗതിയിൽ വോട്ട് പിടിത്തത്തിനായി സ്ഥാനാർഥികളുടെ ഗൾഫ് പര്യടനങ്ങൾ സജീവമാകാറുണ്ട്. ഇത്തവണ എത്രത്തോളം ഉണ്ടാകുമെന്നറിയില്ല. തെരഞ്ഞെടുപ്പിന് ഇനി ഏകദേശം മൂന്നാഴ്ച മാത്രമാണ് ബാക്കി. കുറഞ്ഞ സമയത്തിനുള്ളിൽ രാഷ്ട്രീയ നേതാക്കൾക്കും സ്ഥാനാർഥികൾക്കും ഇവിടെ വരിക പ്രയാസകരമാണ്.

പുതിയ സംഭവവികാസങ്ങളെ തുടർന്ന് മിക്ക ഗൾഫ് രാജ്യങ്ങളിലും നിയമങ്ങൾ കൂടുതൽ കർശനമാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഗൾഫ് നാടുകളിൽ പഴയതുപോലെ സംഘടിപ്പിക്കാനാകുമോ എന്നതും വലിയ ചോദ്യമാണ്. മുന്നണികൾക്കെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ട് എത്തിക്കുന്നതിൽ വലിയൊരു പങ്കും പ്രവാസ ലോകത്ത് നിന്നാണ്. അക്കാര്യത്തിലും കാര്യമായ കുറവ് വന്നേക്കാം. പൊതുവെയുള്ള ഭരണ വിരുദ്ധ വികാരങ്ങൾ പ്രവാസത്തിലും സജീവ ചർച്ചയാണെന്നതിനാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിർണ്ണായകമാണെന്നും അതിനാൽ കൂടുതൽ പേരെ നാട്ടിലെത്തിക്കണമെന്നുമാണ് യു.ഡി.എഫ് സംഘടനകളുടെ തീരുമാനം. ഏറ്റവും പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് 2,23,558 പ്രവാസി വോട്ടർമാരാണുള്ളത്.1,90,090 പുരുഷന്മാരും 33,458 സ്ത്രീകളും 10 ട്രാൻസ്ജന്‍റേഴ്സുമുൾപ്പടെയാണിത്. മലബാർ മേഖല ഉൾപ്പെടുന്ന വടക്കൻ കേരളത്തിലാണ് പ്രവാസി വോട്ടുകൾ കൂടുതൽ.

കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പ്രവാസി വോട്ട‌ർമാരുള്ളത്. 57679 പേർ.കണ്ണൂർ (52163)​, മലപ്പുറം (39501)​ എന്നീ ജില്ലകളാണ് തൊട്ടടുത്ത് . തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മണ്ഡലത്തിലാണ് ഏറ്റവും കുറവ്,​ 13പേർ. പ്രതിസന്ധികൾ അവസാനിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ടർമാരുടെ ഗാണ്യമായ കുറവുണ്ടാവുമെന്നാണ് രാഷ്ട്രീയ പ്രവർത്തകർ പറയുന്നത്.

Show Full Article
TAGS:Expatriate Votes assembly election UAE News 
News Summary - Conditions are unfavorable; expatriate voters are worried
Next Story