റാസല്‍ഖൈമ പ്രവാസികളുമായി സംവദിച്ച് കോണ്‍സുല്‍ ജനറല്‍
text_fieldsദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കുന്നു
റാസല്‍ഖൈമ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് റാസല്‍ഖൈമയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ (ഐ.ആര്‍.സി) സഹകരണത്തോടെ നടന്ന ഓപ്പണ്‍ ഹൗസില്‍ സാധാരണക്കാരും വിവിധ സ്ഥാപന മേധാവികളും പൊതു പ്രവര്‍ത്തകരും വ്യത്യസ്ത വിഷയങ്ങള്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
യു.എ.ഇയില്‍ പ്രവാസം നയിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്ന പരിഹാരത്തിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണ്. ഓപ്പണ്‍ ഹൗസില്‍ ലഭിച്ച പരാതികളും നിര്‍ദ്ദേശങ്ങളും ഗൗരവതരമായി പരിശോധിച്ച് നിയമാനുസൃതമായ പരിഹാരത്തിന് ശ്രമിക്കുമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി. ഓപ്പണ്‍ ഹൗസിനെത്തിയവരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഐ.ആര്‍.സി ഒരുക്കിയത്. ഭാരവാഹികളായ ഡോ. നിഷാം നൂറുദ്ദീന്‍, സി. പത്മരാജ്, മോഹന്‍ പങ്കത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോണ്‍സല്‍ ലേബര്‍ പബിത്രകുമാര്‍ മജുംദാര്‍, വൈസ് കോണ്‍സല്‍ ലേബര്‍ അഭിമന്യു എന്നിവരും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനൊപ്പം ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തു.