ഞണ്ട് hunt @ ഉമ്മുൽ ഖുവൈൻ
text_fieldsഭംഗിയുള്ള കൊച്ചു കൊച്ചു തുരുത്തുകളാലും കണ്ടൽവനങ്ങളാലും സമ്പന്നമായ ദ്വീപുകളാലും പ്രസിദ്ധമാണ് ഉമ്മുൽഖുവൈൻ. നഗര ജീവിതത്തിന്റെ തിരക്കിൽ നിന്നും ബ്രേക്ക് ആഗ്രഹിക്കുന്നവർ ശാന്തമായി ഒഴിവുദിനങ്ങൾ ചിലവഴിക്കാൻ ഈ എമിറേറ്റിലുള്ള റിസോർട്ടുകളെയാണ് ആശ്രയിക്കാറ്. ദ്വീപുകൾക്ക് ചുറ്റുമുള്ള ആഴം അധികമില്ലാത്ത ജലാശയങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാൻ അനവധി വിനോദോപാധികളാണ് മിക്ക റിസോർട്ടുകളും ഒരുക്കിയിട്ടുള്ളത്. അവധിദിനങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കുടുംബങ്ങളുമായും കൂട്ടുകാരുമായും സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്.
ഇങ്ങനെ വിരുന്നെത്തുന്നവർക്ക് 'ക്രാബ് ഹണ്ടിങ്ങിലൂടെ' വ്യത്യസ്തമായ അനുഭവം സമ്മാനിക്കുകയാണ് പഴയ ബസാറിലെ ഫ്ലമിങ്ങോ റിസോർട്ട്. യു.എ.ഇയിൽ മറ്റാരും നൽകാത്ത സേവനം എന്ന് മാനേജർ അലി സാക്ഷ്യപ്പെടുത്തുന്ന ഈ പാക്കേജിൽ സഞ്ചാരികൾക്ക് തന്നെ ഞണ്ടുകളെ പിടിക്കാനും പാകം ചെയ്തു കഴിക്കാനുമുള്ള അവസരമൊരുക്കുന്നു എന്നതാണ് സവിശേഷത. വേട്ടക്കുള്ള ഉപകരണങ്ങളും സുരക്ഷാ ജാക്കറ്റുകളും നൽകുന്നതോടൊപ്പം പരിചയസമ്പന്നരായ സ്റ്റാഫുകളും അതിഥികൾക്കായി തയ്യാറാണ്. പോകാൻ ആഗ്രഹിക്കുന്നവർ പത്തു മണിക്കൂർ മുൻപെങ്കിലും ബുക്ക് ചെയ്തിരിക്കണം എന്നും സൂര്യാസ്തമയത്തിന് അര മണിക്കൂർ മുൻപെങ്കിലും റിസോർട്ടിൽ എത്തിയിരിക്കണം എന്നുമാണ് നിബന്ധന.
റിസോർട്ടിലെ ശാന്തമായ അന്തരീക്ഷത്തിൽ ചിലവഴിക്കാനോ സ്വിമ്മിങ് പൂളിൽ കുളി ആഗ്രഹിക്കുന്നവർക്കോ നേരെത്തെ എത്തുകയും ആവാം. ഞണ്ടുകളെ തേടി സൂര്യാസ്തമയത്തിനു തൊട്ടുമുൻപ് കണ്ടൽവനങ്ങളുടെ തീരം ലക്ഷ്യമാക്കിയുള്ള ബോട്ടുസവാരി ഈ ജലാശയങ്ങളുടെ ഭംഗി നുകരാനുള്ള അപൂർവ്വാവസരം കൂടിയാണ്. ഇരുട്ടുന്നതോടെ ഞണ്ടുകളെ കാണാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബോട്ടുകൾ നിർത്തി എൻജിൻ ഓഫാക്കി പ്രത്യേക ലൈറ്റുകൾ തെളിയിച്ചു പിടുത്തം തുടങ്ങാം. ഒരു മണിക്കൂർ സമയം ഇതിനായി അനുവദിക്കും. ജൂൺ മുതൽ ആഗസ്റ്റ് വരെ ഞണ്ടുകളെ കിട്ടാൻ സാധ്യത കൂടുതലുള്ള സീസണാണ്.
ടൂറിസം വകുപ്പിന്റെ നിർദ്ദേശമുള്ളതിനാൽ ഒരാൾക്ക് പത്തു ഞണ്ടുകളും ഒരു ബോട്ടിനു പരമാവധി 80 ഞണ്ടുകളും പിടിക്കാനാണ് അനുമതി. തിരികെ റിസോർട്ടിലെത്തി പാക്കേജിൽ ഉൾപ്പെട്ട ഡിന്നർ ബോഫേയുടെ കൂടെ അവനവൻ പിടിച്ച ഞണ്ടുകളെയും പാകം ചെയ്തു തിന്നാൻ സൗകര്യമുണ്ട്. മുതിർന്നവർക്ക് 180 ദിർഹമും കുട്ടികൾക്ക് 90 ദിർഹമും ഫീസ് ഈടാക്കുന്ന ഈ പാക്കേജിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടി ഞണ്ടു പിടിത്തുക്കാർക്ക് യാത്ര സൗജന്യമാണ്. വീട്ടിലേക്ക് തിരിക്കാൻ ധൃതിയില്ലെങ്കിൽ ചില്ലറ കാശ് അധികം കൊടുത്താൽ റിസോർട്ടിന്റെ ശാന്തതയിൽ ഒരു രാത്രി താങ്ങുകയുമാവാം.