അതിവേഗ പാതയിൽ ക്രൂസ് കൺട്രോൾ തകരാറിലായി; ഡ്രൈവറെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്
text_fieldsക്രൂസ് കൺട്രോൾ തകരാറിലായ കാർ ദുബൈ പൊലീസ് ഇടപെടലിൽ റോഡരികിലേക്ക് ഇടിച്ച് നിർത്തുന്നു
ദുബൈ: അതിവേഗ പാതയിൽ ക്രൂസ് കൺട്രോൾ തകരാറിലായ കാറിനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. അബൂദബിക്കുള്ള യാത്രക്കിടെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് കാറിന്‍റെ ക്രൂസ് കൺട്രോൾ സാങ്കേതിക വിദ്യ തകരാറിലായതായി പൊലീസിന് റിപോർട്ട് ലഭിക്കുന്നത്. ബ്രേക്ക് ഉപയോഗിച്ച് വാഹനം നിർത്താനോ വേഗത കുറക്കാനോ കഴിയുന്നില്ലെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം.
റിപോർട്ട് ലഭിച്ച ഉടനെ വാഹനത്തിന്‍റെ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് സംഘം പരിസരത്തുള്ള വാഹനങ്ങളോട് വഴി മാറിപ്പോകാൻ നിർദേശിച്ചു. തുടർന്ന് ഡ്രൈവർക്ക് വാഹനം നിർത്താനുള്ള സുരക്ഷ നിർദേശങ്ങൾ നൽകുകയായിരുന്നുവെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫികിലെ ആക്ടിങ് ഡയറക്ടർ ജനറൽ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു.
ക്രൂസ് കൺട്രോൾ നഷ്ടമായാൽ ഭയപ്പെടാതെ അക്കാര്യം 999 എന്ന എമർജൻസി നമ്പറിൽ റിപോർട്ടു ചെയ്യുകയാണ് ആദ്യ വേണ്ടത്. അതോടൊപ്പം ഉടൻ സീറ്റ് ബെൽറ്റ് ശക്തമാക്കുകയും അപകട ലൈറ്റുകൾ തെളിക്കുകയും ചെയ്യുക. ശേഷം ഗിയർ ന്യൂട്രലിലേക്ക് മാറ്റി എൻജിൻ ഓഫാക്കുക. പിന്നീട് വീണ്ടും ഓൺ ചെയ്യുക. എന്നിട്ടും വാഹനം നിർത്താനായില്ലെങ്കിൽ ബ്രേക്ക് പെഡൽ ശക്തിയായി അമർത്തുക. ബ്രേക്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ സ്റ്റിയറിങ് ശക്തമായി പിടിച്ച ശേഷം പതുക്കെ ഹാൻബ്രേക്ക് ഉപയോഗിക്കുക. അവസാന ശ്രമമെന്ന നിലയിൽ ഒന്ന് കൂടി ഗിയർ ന്യൂട്രലിലും ശേഷം ഡ്രൈവ് മോഡിലുമാക്കി നോക്കുക.