ദർശന ഓണാഘോഷം ഒക്ടോബർ ഒന്നിന്; 26 നഴ്സുമാരെ ആദരിക്കും
text_fieldsദർശന സാംസ്കാരികവേദി ഓണാഘോഷം-2023 സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ വിശദീകരിക്കുന്നു
അബൂദബി: ദർശന സാംസ്കാരികവേദി ഓണാഘോഷം -2023 മുസഫ മലയാളി സമാജം ഓഡിറ്റോറിയത്തിൽ ഒക്ടോബർ ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ ആഘോഷപരിപാടികൾക്കൊപ്പം, യു.എ.ഇയിൽ ജോലി ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട 26 നഴ്സുമാരെ ആദരിക്കുമെന്ന് ദർശന പ്രസിഡന്റ് നസീർ പെരുമ്പാവൂർ പറഞ്ഞു. 15 വർഷമായി സാമൂഹിക-ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചുവരുന്ന ദർശന വിവിധ മേഖലകളിൽനിന്ന് അർഹതപ്പെട്ടവരെ കണ്ടെത്തി സഹായങ്ങൾ ചെയ്തുവരുന്നുണ്ട്.
ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പതുമുതൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയവ അരങ്ങേറും. ഒപ്പം ഈ വർഷത്തെ പുതിയ കമ്മിറ്റിയുടെ ഔദ്യോഗിക പ്രവർത്തന ഉദ്ഘാടനവും നടക്കും. വാർത്തസമ്മേളനത്തിൽ ഇവന്റ് കോഓഡിനേറ്റർ സിറാജ് മാള, വനിത കൺവീനർ സരിസ, ട്രഷറർ പി.ടി. റിയാസ്, മുൻ പ്രസിഡന്റ് ബിജു വാര്യർ എന്നിവർ പങ്കെടുത്തു.