മണല്പരപ്പില് രാവുകള്‍ക്കും വെള്ളിവെളിച്ചം
text_fieldsരാവേറിയാലും പ്രകാശപൂരിതമാണ് മരുഭൂ മണല്‍ പരപ്പുകള്‍. അന്തരീക്ഷ താപം താഴ്ന്നതോടെ സമയം ചെലവഴിക്കാനെത്തിയിരുന്നത് ചെറു സംഘങ്ങളായിരുന്നെങ്കില് തണുപ്പ് കൂടിയതോടെ വന്‍തോതിലാണ് ജനങ്ങള്‍ മണല്പരപ്പുകളിലത്തെുന്നത്. ഇരുട്ടുന്നതിന് മുമ്പ് മരുഭൂമിയിലത്തെുന്നവര് സുരക്ഷിതമായ സ്ഥലം തെരഞ്ഞെടുത്ത് പുലരുവോളം വിനോദങ്ങളിലേര്പ്പെട്ടാണ് മടങ്ങുന്നത്. സുഹൃത്തുക്കളും കുടുംബങ്ങളുമായത്തെുന്നവര് വിറകെരിച്ച് തീ കായുന്നതും മല്‍സ്യവും മാംസവുമെല്ലാം പാകം ചെയ്ത് പങ്കിടുന്നതുമാണ് പ്രധാനം.
ടെൻറുകള്‍ ഒരുക്കി ഇലക്ട്രിക് ലൈറ്റുകള്‍ ഉപയോഗിച്ച് അലങ്കരിക്കുന്നവരും കുറവല്ല. റാസല്‍ഖൈമയിലെ എമിറേറ്റ്സ് റോഡിെൻറ ഇരു വശങ്ങളിലും അവധി-പ്രവൃത്തി ദിന വ്യത്യാസമില്ലാതെ തിരക്കിലാണ്. തീ കായുന്നതിനൊപ്പം മോട്ടോര്‍ ബൈക്കുകളും ഫോര്‍വീല്‍ വാഹനങ്ങളിലും അഭ്യാസ പ്രകടനങ്ങളാലും മുഖരിതമാണ് ഈ മേഖല.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തണുപ്പേറിയത് വിറക് വിപണിക്കും ഉണര്‍വേകിയിട്ടുണ്ട്. മഹാമാരിയുമായി ബന്ധപ്പെട്ട് പോയ വര്‍ഷം അടഞ്ഞു കിടന്ന സ്വകാര്യ ക്യാമ്പിങ് സ്ഥാപനങ്ങളിലും നിരവധി ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. മരുഭൂമിയിലെ രാത്രികാല വിനോദങ്ങളില്‍ തദ്ദേശീയര്‍ക്കും വിവിധ രാജ്യക്കാരായ വിദേശികള്ക്കുമൊപ്പം മലയാളികളും സജീവമാണെന്നത് ശ്രദ്ധേയമാണ്.