നീന്തിത്തുടിക്കുന്ന ഡോൾഫിനുകൾ..അബൂദബി തീരക്കടലിൽനിന്നൊരു മനോഹര കാഴ്ച
text_fieldsഅബൂദബി: തീരക്കടലിൽ അപൂർവയിനം ഡോൾഫിനുകൾ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവെച്ച് അബൂദബി എൻവയൺമെന്‍റ് ഏജൻസി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ വൻതോതിൽ ശ്രദ്ധ നേടുകയാണ്. സെപ്റ്റംബർ എട്ടിന് ശുഐബ് അൽ ഹുഖാനി എന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. അരഡസൻ ഡോൾഫിനുകൾ തിരമാലകൾക്കിടയിലൂടെ നീന്തിക്കളിക്കുന്ന ദൃശ്യങ്ങൾ ഏറെ ആസ്വാദ്യകരമാണ്.
‘ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക്’ ഇനത്തിൽപ്പെട്ട ഡോൾഫിനുകൾ ലോകത്ത് ഏറ്റവും കൂടുതൽ വസിക്കുന്നത് അബൂദബി തീരങ്ങളിലാണെന്ന് പരിസ്ഥിതി ഏജൻസി വ്യക്തമാക്കി. കടൽജീവികളുടെ സമൃദ്ധമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഇത്തരം കാഴ്ചകൾ ഓർമിപ്പിക്കുന്നത്. കടലിൽ ഇത്തരം ഡോൾഫിനുകളെ കാണാനിടയാകുന്നവർ അവയുടെ സ്വാഭാവിക സഞ്ചാരത്തെ തടസ്സപ്പെടുത്താതെ സുരക്ഷിത അകലത്തിൽ നിന്ന് വീക്ഷിക്കണമെന്നും ഏജൻസി ഓർമിപ്പിച്ചു.
അബൂദബി കടലിൽ അപൂർവ സമുദ്രജീവികൾ കാമറയിൽ പതിയുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഒരേ സ്ഥലത്ത് കൂട്ടത്തോടെ ഇരതേടാനെത്തിയ ബ്രൈഡ്സ് തിമിംഗലങ്ങളെ ഇവിടെ കണ്ടെത്തിയിരുന്നു. അറബിക്കടലിൽ ഇത്തരത്തിൽ തിമിംഗലങ്ങൾ കൂട്ടമായി ഇരതേടുന്നത് ആദ്യമായി രേഖപ്പെടുത്തിയ സംഭവമായിരുന്നു അത്.


