ഏപ്രിൽ ഫൂൾ ആക്കേണ്ട; അഴിക്കുള്ളിലാകും
text_fieldsഷാർജ: ഏപ്രിൽ ഫൂളിന്‍റെ ഭാഗമായിട്ടാണെങ്കിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഷാർജ പബ്ലിക് പ്രോസിക്യൂഷൻ. നർമത്തിനായി പങ്കിടുന്ന തെറ്റായ വിവരങ്ങളും ദോഷം വരുത്തുന്ന ഉള്ളടക്കവും തമ്മിൽ യു.എ.ഇ നിയമം അനുസരിച്ച് പ്രത്യേക വേർതിരിവ് ഉണ്ടാവില്ലെന്നും രണ്ടും ക്രിമിനൽ കുറ്റകൃത്യമായാണ് പരിഗണിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ ഫൂൾ ദിനത്തിൽ കബളിപ്പിക്കുന്ന ഉള്ളടക്കങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരം നടപടികൾ ചിലപ്പോഴെങ്കിലും നിയമപരമായ അതിർത്തികൾ ലംഘിക്കുന്ന തരത്തിലാവുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ശക്തമായ മുന്നറിയിപ്പ്. യു.എ.ഇയിലെ നിയമം അനുസരിച്ച് ഇത്തരം നടപടികൾക്ക് ചുരുങ്ങിയത് ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. പൊതുജനാഭിപ്രായം തേടൽ, പൊതുജനങ്ങളെ ശല്യപ്പെടുത്തൽ, ഭീതി പരത്തൽ, പൊതുതാൽപര്യങ്ങൾക്ക് ഹാനികരമാവൽ, സാമ്പത്തിക, പൊതുക്രമത്തിനും പൊതുജനാരോഗ്യത്തിനും ഭീഷണിയാകൽ തുടങ്ങിയ ഉള്ളടക്കങ്ങൾക്ക് നിയമം ബാധകമാണ്.
പങ്കുവെക്കപ്പെടുന്ന ഉള്ളടക്കങ്ങളുടെ ഉദ്ദേശ്യം ന്യായീകരിക്കാനുള്ള അവസരമാവില്ലെന്നും തമാശക്കാണേലും തെറ്റായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നത് നിയമപരമായ പരിതിയിലുള്ളതായിരിക്കും. രാജ്യത്തെ അതോറിറ്റികൾക്കും സ്ഥാപനങ്ങൾക്കും എതിരായ പരമാർശങ്ങൾ അടങ്ങിയ ഉള്ളടക്കങ്ങളാണെങ്കിൽ പിഴ വർധിക്കും. രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയുമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ.


