മലയാളി കരങ്ങളാൽ തിളങ്ങി ദുബൈ ക്ലോക്ക് ടവർ
text_fieldsദുബൈ ക്ലോക്ക് ടവർ, നിധിൻ സുരേഷ്
ദുബൈ: നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബൈ ക്ലോക്ക് ടവറിൽ വർണ വെളിച്ചത്തിൽ റമദാൻ കരീം ആശംസകൾ മിന്നിമറയുമ്പോൾ ആത്മസംതൃപ്തിയിലാണ് പ്രവാസി മലയാളിയായ എ. നിധിൻ സുരേഷ്. ഇത്തവണ ക്ലോക്ക് ടവറിൽ റമദാൻ കരീം ആശംസകളുടെ ഗ്രാഫിക്സ് ഡിസൈൻ ചെയ്തത് തൃശൂർ ജില്ലയിലെ ഗുരുവായൂർ സ്വദേശിയായ നിധിൻ സുരേഷ് ആണ്.
ദുബൈ ആസ്ഥാനമായ മീഡിയ വോൾട്ട് എന്ന കമ്പനിയിൽ ആനിമേറ്ററാണിദ്ദേഹം. ക്ലോക്ക് ടവറിൽ ഇത്തവണ റമദാൻ കരീം ആശംസകൾ ഉൾപ്പെടെയുള്ള ഗ്രാഫിക്സുകൾ നിർമിക്കാനുള്ള കരാർ മീഡിയ വോൾട്ടിനാണ്. ദുബൈ മുനിസിപ്പാലിറ്റി, ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ ഡിസൈൻ ചെയ്യുന്നത് മീഡിയ വോൾട്ടാണ്.
മീഡിയ വോൾട്ടിന് വേണ്ടി ക്ലോക്ക് ടവറിലെ മോഷൻ ഗ്രാഫിക്സ് ഡിസൈനുകളുടെ രൂപകൽപനയും എക്സിക്യൂഷനും പൂർണമായും ചെയ്തത് നിധിൻ തന്നെയാണ്. നിരവധി സ്ഥാപനങ്ങൾക്കായി ഗ്രാഫിക്സ് വർക്കുകൾ ചെയ്ത് നൽകിയിട്ടുണ്ടെങ്കിലും ദുബൈ ക്ലോക്ക് ടവറിൽ ആദ്യമായാണ് ഗ്രാഫിക്സുകൾ രൂപകൽപന ചെയ്യുന്നതെന്ന് നിധിൻ പറഞ്ഞു. അഡോബ് ആഫ്റ്റർ ഇഫക്ട്സിൽ മൂന്നു ദിവസംകൊണ്ടാണ് മനോഹരമായ മോഷൻ ഗ്രാഫിക്സ് നിധിൻ നിർമിച്ചത്. പെരുന്നാളിനോടനുബന്ധിച്ച് ഈദ് മുബാറക് ആശംസയുടെ മോഷൻ ഗ്രാഫിക്സ് ഡിസൈൻ ചെയ്യുന്നതും നിധിൻ തന്നെയാണ്.
എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിൽനിന്ന് ബാച്ച്ലർ ഓഫ് ആനിമേഷനിൽ ബിരുദം നേടിയ നിധിൻ സിനിമ നിർമാണ മേഖലയിൽ മോഷൻ ഗ്രാഫിക്സ്, വിഷ്വൽ ഇഫക്ട് ആർട്ടിസ്റ്റായിരുന്നു. 17 സിനിമകൾക്കായി ഗ്രാഫികിസ് ഡിസൈനുകളും ചെയ്തിട്ടുണ്ട്. 2016ലാണ് ദുബൈയിൽ എത്തുന്നത്. ഒന്നര വർഷമായി മീഡിയ വോൾട്ടിലാണ് ജോലി. പരേതനായ സുരേഷ് ആണ് പിതാവ്. മാതാവ്: ബീന. ഭാര്യ അഖിലയും മകൻ റിത്വിക് നാട്ടിലാണ്.