‘കുടുംബവുമൊത്തുള്ള മനോഹര മുഹൂർത്തങ്ങളാണ് അവധിക്കാലത്തിന്‍റെ നിക്ഷേപം’ -ലണ്ടനിൽ പേരക്കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
text_fieldsദുബൈ: ലണ്ടനിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടയിൽ പേരക്കുട്ടികൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രം പങ്കുവെച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ലണ്ടനിൽ മൂന്ന് കൊച്ചുമക്കൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച ശൈഖ് മുഹമ്മദ് ബിൻ റാശിദ്
കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ഓർമപ്പെടുത്തുകയും ചെയ്തു.
ഏതൊക്കെ നഗരങ്ങൾ സന്ദർശിച്ചുവെന്നതല്ല, കുടുംബവുമൊത്ത് എത്രയേറെ മനോഹര മുഹൂർത്തങ്ങൾ നിങ്ങൾ സൃഷ്ടിച്ചുവെന്നതാണ് അവധിക്കാലത്തെ ഏറ്റവും വലിയ നേട്ടമെന്ന് ദുബൈ ഭരണാധികാരി സമൂഹ മാധ്യമത്തിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
‘അവധിക്കാലങ്ങളിൽ നമ്മൾ എത്ര നഗരങ്ങൾ സന്ദർശിച്ചു എന്നതല്ല ഏറ്റവും വലിയ നേട്ടം..മറിച്ച്, നമ്മുടെ കുടുംബവുമൊത്ത് നമ്മൾ എത്ര അവിസ്മരണീയ മുഹൂർത്തങ്ങൾ സൃഷ്ടിച്ചുവെന്നതാണ് അതിനെ സവിശേഷമാക്കുന്നത്. ജീവിതം എന്നെ പഠിപ്പിച്ചത് ഇതാണ്. ഈ മനോഹരമായ ഓർമകൾ അതിരറ്റ സന്തോഷവും ഊർജവുമൊക്കെയാണ് പകർന്നുനൽകുന്നത്. കൂടുതൽ പ്രവർത്തിക്കാനും നേട്ടങ്ങൾ കൊയ്യാനും വിജയം വെട്ടിപ്പിടിക്കാനുമുള്ള വഴികളിലേക്ക് അവ നമ്മെ നയിക്കുന്നു’ -അദ്ദേഹം എക്സിൽ കുറിച്ചു.


