ദുബൈ സിലിക്കൺ ഒയാസിസ് വിപുലീകരിക്കാൻ വൻപദ്ധതി
text_fieldsദുബൈ: നഗരത്തിലെ പ്രധാന ബിസിനസ് കേന്ദ്രമായ ദുബൈ സിലിക്കൺ ഒയാസിസ് വിപുലീകരിക്കാൻ വൻ പദ്ധതി പ്രഖ്യാപിച്ചു. 1280 കോടി ദിർഹമിന്‍റെ പദ്ധതി വഴി അടുത്ത ദശകത്തിൽ 70,000 തൊഴിലവസരങ്ങൾ തുറക്കുമെന്നും ശതകോടിക്കണക്കിന് വിദേശ നിക്ഷേപം ആകർഷിക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം അടുത്ത 10 വർഷത്തിനകം മൊത്ത ആഭ്യന്തര ഉൽപാദനം 103 ശതകോടി ദിർഹമായി വർധിക്കുകയും ചെയ്യും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.
വളർന്നുവരുന്ന സാമ്പത്തിക മേഖലകളിൽ ഏറ്റവും നൂതനവും സാങ്കേതികമായി മികച്ചതുമായ ബിസിനസ് അന്തരീക്ഷം രൂപപ്പെടാൻ ദുബൈ സിലിക്കൻ ഒയാസിസിലെ പദ്ധതി സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു. അതോടൊപ്പം മേഖലയുടെ പദവി നവീന സംരംഭങ്ങളുടെ ആഗോള കേന്ദ്രം എന്ന നിലയിലേക്ക് വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 6500 പുതിയ കമ്പനികൾക്ക് ആവശ്യമായ ബിസിനസ് ആവാസ വ്യവസ്ഥ രൂപപ്പെടുത്താനും 75,000 പ്രതിഭകൾക്ക് അവസരങ്ങൾ തുറക്കാനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
സാമ്പത്തിക വളർച്ചക്ക് വേഗത കൈവരിക്കാൻ രൂപകൽപന ചെയ്തിട്ടുള്ള രണ്ട് പുതിയ പദ്ധതികളായ ഡിസ്ട്രിക്റ്റ് ഐ.ഒ, ബ്ലോക്ക് 14 എന്നിവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിസ്ട്രിക്റ്റ് ഐ.ഒ 1100 കോടി ദിർഹമിന്റെ നിക്ഷേപത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാവി സാങ്കേതികവിദ്യകളെ പിന്തുണക്കുന്നതിനും ഗവേഷണം, വികസനം, നവീകരണം എന്നിവക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിലും ദുബൈയുടെ പദവി ശക്തിപ്പെടുത്തുന്നതായിരിക്കുമിത്.
18 വാണിജ്യ സൗകര്യങ്ങൾ, നാല് റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ, ഒരു കോൺഫറൻസ് സെന്റർ, ഒരു ഇന്നൊവേഷൻ ആൻഡ് എക്സ്പീരിയൻസ് സെന്റർ എന്നിവയുൾപ്പെടെ 25 കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടും. അടുത്ത 10 വർഷത്തിനുള്ളിൽ ഈ പദ്ധതി 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാർട്ട് മൊബിലിറ്റി, 3ഡി പ്രിന്റിങ്, റോബോട്ടിക്സ്, എക്സ്-ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിങ്, വെബ്3 സാങ്കേതികവിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 6,500-ലധികം ആഗോള കമ്പനികൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവക്ക് ഇവിടെ സൗകര്യമുണ്ടാകും.
ഡിസ്ട്രിക്റ്റ് ഐ.ഒ രണ്ട് പ്രധാന ഘട്ടങ്ങളിലായാണ് നിർമ്മിക്കുന്നത്. ആദ്യത്തേത് ഈ വർഷം ആരംഭിക്കും. ഓഫീസ് സ്ഥലങ്ങൾ, ഗവേഷണ വികസന ലബോറട്ടറികൾ, റീട്ടെയിൽ ഏരിയകൾ എന്നിവ ഇതിൽ ഉൾപ്പെടും. രണ്ടാം ഘട്ട വികസനം 2027 ൽ ആരംഭിക്കും. അതിൽ കോൺഫറൻസ് സെന്റർ, ഇന്നൊവേഷൻ ആൻഡ് എക്സ്പീരിയൻസ് സെന്റർ തുടങ്ങിയ ഹോസ്പിറ്റാലിറ്റി സെന്ററുകൾ ഉൾപ്പെടും.
റെസിഡൻഷ്യൽ, ലൈഫ്‌സ്റ്റൈൽ ഡിസ്ട്രിക്റ്റായ ബ്ലോക്ക് 14ന്റെ ആദ്യ ഘട്ടത്തിന് 180കോടി ദിർഹമിന്റെ നിക്ഷേപമാണ് ലഭിക്കുക. ദുബൈ സിലിക്കൺ ഒയാസിസിലെ ദുബൈ മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഈ പദ്ധതി 2029 ൽ പൂർത്തിയാകും. ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയുടെ ഭാഗമായ സിലിക്കൺ ഒയാസിസിൽ നിലവിൽ 28,000 കമ്പനികളുണ്ട്.


