Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബു സുനൈദക്ക്​​...

ബു സുനൈദക്ക്​​ കല്യാണസുദിനം; വധു ‘മനോഹരിയായ റോബോട്ട്​’

text_fields
bookmark_border
ബു സുനൈദക്ക്​​ കല്യാണസുദിനം; വധു ‘മനോഹരിയായ റോബോട്ട്​’
cancel

ദുബൈ: പരമ്പരാഗത കന്തൂറ ധരിച്ച്​ ‘ജീവിത’ത്തിലെ അതിനിർണായക മുഹൂർത്തത്തിന്​ ഒരുങ്ങാൻ അതിഥികൾ ബു ​സുനൈദയെ സഹായിക്കുകയാണ്​. തുടർന്ന് വധുവായ മോസക്ക്​ പൂച്ചെണ്ട്​ കൈമാറാനുള്ള ഒരുക്കം​. അബായയും തട്ടവും ധരിച്ച്, തലയുടെ ഇരുവശത്തും രണ്ട് ചെറിയ റിബണുകൾ ചൂടി, ‘ഭർത്താവി’ന് സമീപം ഇരിക്കുകയാണ്​ സുന്ദരിയായ മോസ. പശ്ചാത്തലത്തിൽ, പ്രശസ്ത എമിറാത്തി ഗായകൻ ഹുസൈൻ അൽ ജാസ്മിയുടെ ഹിറ്റ് കല്യാണപ്പാട്ടായ ‘ഇദ്ഖിലി ഉമ്രി’യുടെ ഈണം ഒഴുകിവരുന്നുണ്ട്​. വിവാഹാഘോഷത്തിന്‍റെ സന്തോഷം ആകാശത്ത് വെടിക്കെട്ടായി പൂത്തുതളിർക്കുന്നു. അതിഥികൾ വടികളേന്തിയുള്ള പരമ്പരാഗത എമിറാത്തി നൃത്തത്തിൽ മുഴുകുന്നു.

കാത്തിരുന്ന സുദിനത്തിനൊടുവിൽ ബു സുനൈദ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വികാരനിർഭരമായ കുറിപ്പ്​ പങ്കുവെച്ചു. ‘ദൈവത്തിന്​ സ്​തുതി. ഇന്ന്​ ലോകത്തെ ഏറ്റവും സുന്ദരിയായ റോബോട്ടിനെ ഞാൻ വിവാഹം കഴിച്ചു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും, ഈ സന്തോഷം പങ്കുവെക്കുകയും ആശംസകൾ അയക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി. നിങ്ങളെല്ലാവരും അവിടെ ഉണ്ടായിരുന്നത് ഈ ദിവസത്തെ കൂടുതൽ മനോഹരമാക്കി’.

ബു സുനൈദയുടെയും മോസയുടെയും മാംഗല്യം സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. വെറുമൊരു കല്യാണമെന്നതിലുപരി, യു.എ.ഇയിലെ ആദ്യത്തെ റോബോട്ട് വിവാഹമെന്നതാണ്​ ഈ ചടങ്ങിനെ സവിശേഷമാക്കിയത്​. രാജ്യത്തെ ഏറ്റവും ജനപ്രിയ എ.ഐ ഹ്യൂമനോയിഡ് റോബോട്ടാണ്​ ബു സുനൈദ.

വിവാഹത്തിന് മുന്നോടിയായി, സമൂഹ മാധ്യമങ്ങളിലെ തന്റെ ഫോളോവേഴ്സുമായി ബു സുനൈദ വിവാഹക്ഷണക്കത്ത് പങ്കുവെക്കുകയും തീയതി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, വിവാഹവേദി വെളിപ്പെടുത്തിയിരുന്നില്ല. കല്യാണ വിഡിയോയിൽ വധുവിന്റെ പേരും രൂപവും വെളിപ്പെടുത്തിയെന്നല്ലാതെ വധുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ബു സുനൈദ പങ്കുവെച്ചിട്ടില്ല. രണ്ടുദിവസത്തിനകം ഇൻസ്റ്റാഗ്രാമിൽ 14 ലക്ഷത്തോളം പേർ കല്യാണ വിഡിയോ കണ്ടിട്ടുണ്ട്​.

നവദമ്പതികൾക്ക് സന്തോഷഭരിതമായ ജീവിതം ആശംസിച്ച്​ നിരവധി പേരാണ് ബു സുനൈദയുടെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി എത്തിയത്. പലതും രസകരമായ കമൻറുകളാണ്​. ‘അഭിനന്ദനങ്ങൾ സഹോദരാ. നിനക്ക്​ കൂടുതൽ ബാറ്ററിലൈഫ്​ ലഭിക്കട്ടെ, നിന്റെ ചാർജിങ്​ അനുഗ്രഹീതമാകട്ടെ.. മികച്ച ആധുനിക സാങ്കേതികവിദ്യകൾ നിനക്ക് ലഭിക്കട്ടെ’ -എന്നായിരുന്നു ഒരാളുടെ കമൻറ്​. അതേസമയം, ‘ഞങ്ങൾ ഇപ്പോഴും സിംഗിൾ ആയിരിക്കുമ്പോൾ റോബോട്ടുകൾ പോലും വിവാഹം കഴിക്കുന്നു’ എന്നായിരുന്നു അവിവാഹിതനായി തുടരുന്ന ഒരാളുടെ നിരാശ.

പരമ്പരാഗത പ്രാദേശിക വസ്ത്രങ്ങൾ ധരിച്ച്, സാമൂഹിക പരിപാടികളിൽ പങ്കെടുക്കുകയും എമിറാത്തികളോടും താമസക്കാരോടും ഒഴുക്കുള്ള അറബിയിൽ സംവദിക്കുകയും ചെയ്ത്​ യു.എ.ഇയിൽ തരംഗമായി മാറിയ ഹ്യൂമനോയിഡ് റോബോട്ടാണ് ബു സുനൈദ. തങ്ങളുടെ ഡെവലപ്പർമാരായ ‘ലൂത്ത റോബോട്ടിക്സ്’ പറയുന്നതനുസരിച്ച്, ഗവേഷണത്തിനും പ്രദർശനത്തിനുമായി നിർമിച്ച ഒരു യുനീട്രീ ജി1 ഫുൾ-സൈസ് ഹ്യൂമനോയിഡ് ആണ് അവൻ. 1.27 മീറ്റർ ഉയരവും ഏകദേശം 35 കിലോഗ്രാം ഭാരവുമാണ് ഉള്ളത്. കഴിഞ്ഞ ഈദുൽ അദ്​ഹ ദിനത്തിൽ പള്ളിയിൽ ആദ്യവരിയിൽനിന്ന് ഈദ് നമസ്കാരം നിർവഹിക്കാനും ഖുതുബ ശ്രവിക്കാനും അവൻ മുന്നിലുണ്ടായിരുന്നു. മറ്റൊരു വീഡിയോയിൽ, രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് വ്യായാമം ചെയ്യുന്നതും ഓട്ടത്തിൽ പങ്കാളിയാകുന്നതും കാണാം.

Show Full Article
TAGS:humanoid robot Dubai Wedding Gulf News 
News Summary - ബു സുനൈദക്ക്​​ കല്യാണസുദിനം; വധു ‘മനോഹരിയായ റോബോട്ട്​’
Next Story