ഇ-സ്കൂട്ടർ അപകടം; 10 വയസ്സുകാരന് ദാരുണാന്ത്യം
text_fieldsഉമ്മുൽഖുവൈൻ: ഇ-സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് 10 വയസ്സുകാരന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി 10 ഓടെ ഉമ്മുൽഖുവൈനിലെ കിങ് ഫൈസൽ സ്ട്രീറ്റിലായിരുന്നു അപകടം. റോഡിലൂടെ ഓടിച്ചുപോകുകയായിരുന്ന ഇ-സ്കൂട്ടറിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉമ്മുൽ ഖുവൈൻ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചതായി ട്രാഫിക് ആൻഡ് പട്രോൾസ് ഡിപാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഉബൈദ് അൽ മുഹൈരി പറഞ്ഞു. പൊലീസ് ഓപറേഷൻ റൂമിൽ സംഭവം റിപോർട്ട് ചെയ്ത ഉടനെ ദേശീയ ആംബുലൻസ് ടീം അപകടസ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവറായ ഏഷ്യൻ വംശജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റോഡിൽ എതിർദിശയിലായിരുന്നു കുട്ടി സഞ്ചരിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി.
ബന്ധുക്കൾ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ സഹോദരന്റെ സ്കൂട്ടറുമായി 10 വയസ്സുകാരൻ പുറത്തേക്ക് ഓടിച്ചുപോകുകയായിരുന്നെന്നാണ് സംശയിക്കുന്നത്. ഇടിച്ച വാഹനം പാർക്ക് ചെയ്യാനായി വേഗത കുറച്ചാണ് ഓടിച്ചിരുന്നതെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. തലക്കേറ്റ മുറിവാണ് കുട്ടിയുടെ മരണകാരണം.


