മലയാളത്തിലും ഇംഗ്ലീഷിലും ഖുതുബയോടെ അജ്മാനിൽ ഈദ് ഗാഹ്
text_fieldsഅജ്മാന്‍: അജ്മാനില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ഖുതുബയോടെ ഈദ് ഗാഹ് ഒരുക്കുന്നു. അജ്മാനിലെ ഹമീദിയയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ അങ്കണത്തിലാണ് ഇക്കുറി ഈദുല്‍ അദ്ഹയോടനുബന്ധിച്ച് വിശ്വാസികള്‍ക്കായി പ്രത്യേകമായി ഇംഗ്ലീഷ് ഖുതുബയുള്ള പെരുന്നാള്‍ നമസ്കാരം ഒരുക്കുന്നത്. കഴിഞ്ഞ ഈദുല്‍ ഫിത്റിനോടനുബന്ധിച്ച് അജ്മാനില്‍ ആദ്യമായി മലയാള ഖുതുബയോടെയുള്ള ഈദ് ഗാഹ് ആരംഭിച്ചിരുന്നു. അജ്മാനിൽ മലയാളികള്‍ക്കായി ആദ്യത്തെ ഔഖാഫ് അംഗീകൃത ഈദ് ഗാഹാണിത്.
അജ്മാനിലെ അല്‍ ജറഫ് ഹാബിറ്ററ്റ് സ്കൂള്‍ അങ്കണത്തിലാണ് ഇക്കുറിയും മലയാളത്തിലുള്ള ഈദ് ഗാഹ് നടക്കുക. അജ്മാൻ അൽ ജർഫ് ഹാബിറ്റാറ്റ് സ്കൂളില്‍ നടക്കുന്ന ഈദ് ഗാഹിനോടനുബന്ധിച്ച് മലയാളം ഖുതുബ മുഹമ്മദ് ഇസ്ഹാഖ് ഇബ്രാഹിം കുട്ടി നിർവഹിക്കും. നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളില്‍ നടക്കുന്ന ഈദ് ഗാഹില്‍ താരിഖ് മുഹമ്മദ് ഇബ്രാഹിം ഇംഗ്ലീഷ് ഖുതുബ നിർവഹിക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ് സൗകര്യം, സുസജ്ജരായ വളന്റിയര്‍മാരുടെ സേവനം എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രാർഥനക്കെത്തുന്നവര്‍ വുളുവെടുത്ത് മുസല്ലയുമായി പരമാവധി നേരത്തേ എത്താന്‍ ശ്രമിക്കണമെന്ന് അറിയിച്ചു. രാവിലെ 5.44നാണ് അജ്മാനില്‍ പെരുന്നാള്‍ നമസ്കാരം.